ഭര്‍ത്താവിനെതിരെ ഇനിയൊരു നീക്കമുണ്ടാകരുത്; ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് താക്കീത്

Thursday 24 July 2025 12:12 AM IST

ന്യൂഡല്‍ഹി: ദാമ്പത്യത്തിലെ പിരിമുറുക്കം ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും കൊടും ദുരിതത്തിലാക്കിയ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് സുപ്രീംകോടതി. വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ബിസിനസുകാരനായ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും പ്രതികളാക്കി ഒന്നിനു പിന്നാലെ ഒന്നായി 15 കേസുകളാണ് ഐ.പി.എസ് ഉദ്യോഗസ്ഥയായ ശിവാംഗി ബന്‍സല്‍ നല്‍കിയത്.

സ്ത്രീധനപീഡനം, ബലാത്സംഗം, കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങി ഗുരുതര കുറ്റങ്ങള്‍ ആരോപിച്ചു. അറസ്റ്റിലായ ഭര്‍ത്താവ് സാഹിബ് ബന്‍സല്‍ 109 ദിവസവും, ഭര്‍തൃപിതാവ് മുകേഷ് ബന്‍സല്‍ 103 ദിവസവും ജയിലില്‍ കിടന്നു. ഭര്‍തൃകുടുംബത്തിന്റെ മാനസികപീഡനം കണക്കിലെടുത്ത സുപ്രീംകോടതി, അസാധാരണ വിഷയത്തില്‍ പരസ്യമായി മാപ്പുപറയാന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയോട് ഉത്തരവിട്ടു. നഷ്ടപരിഹാരം നല്‍കി നികത്താന്‍ കഴിയാത്ത ദുരിതമാണ് ഭര്‍ത്താവും വീട്ടുകാരും അനുഭവിച്ചതെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്,ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇംഗ്ലീഷ് -ഹിന്ദി ദിനപത്രങ്ങള്‍,സാമൂഹിക മാദ്ധ്യമങ്ങള്‍ എന്നിവ മുഖേന മൂന്ന് ദിവസത്തിനകം പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു.

പദവി ദുരുപയോഗം ചെയ്യരുത്

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി ഉദ്യോഗസ്ഥയ്ക്ക് താക്കീത് നല്‍കി. ഇനിയൊരു നീക്കം ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഉണ്ടാകരുത്. മാപ്പു പറച്ചില്‍ ഭര്‍തൃവീട്ടുകാരും ആയുധമാക്കരുത്. വിവാഹമോചനവും അനുവദിച്ചു. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍-സിവില്‍ സ്വഭാവമുള്ള 30ല്‍പ്പരം കേസുകള്‍ റദ്ദാക്കി. ഇതേ ദമ്പതികളുടെ കേസ് പരിഗണിക്കവെ,സ്ത്രീധനപീഡന വകുപ്പ് ദുരുപയോഗം ചെയ്യാതിരിക്കാന്‍ കുടുംബ ക്ഷേമ സമിതികള്‍ രൂപീകരിക്കണം തുടങ്ങി അലഹബാദ് ഹൈക്കോടതി മുന്നോട്ടുവച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും ശരിവച്ചു. ബുദ്ധമത അനുയായിയായ ഉദ്യോഗസ്ഥ ഭര്‍ത്താവിന്റെ കുടുംബത്തെ ക്ഷണിച്ച് മകളെ കാണാന്‍ അവസരമൊരുക്കണം.