സാങ്കേതികവിദ്യ തൊഴിലിന് തടസമാകരുത്: മോഹൻഭാഗവത് ബി.എം.എസ് 70-ാം വാർഷികാഘോഷം സമാപിച്ചു

Thursday 24 July 2025 1:19 AM IST

ന്യൂഡൽഹി: സാങ്കേതികവിദ്യകൾ തൊഴിൽ അവസരങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻഭാഗവത്. ഡൽഹിയിൽ ഭാരതീയ മസ്ദൂർ സംഘം(ബി.എം.എസ്) 70-ാം വാർഷിക പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യയെ തള്ളിക്കളയാനാവില്ല. എന്നാൽ അവ തൊഴിൽ മേഖലയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം. തൊഴിലില്ലായ്മ കുറയ്ക്കുമോ,വർദ്ധിപ്പിക്കുമോ എന്നത് പ്രധാനം. സാങ്കേതികവിദ്യ മനുഷ്യരാശിയുടെ സ്വഭാവത്തെ കട്ടിയാക്കുകയും അദ്ധ്വാന മനോഭാവം കുറയ്‌ക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യകൾ സമൂഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാതെ സന്തോഷം കൊണ്ടുവരാനാവണം. തൊഴിലാളികൾ ഒരു തരത്തിലുള്ള ചൂഷണവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ അസംഘടിത മേഖലയ്ക്ക് ശ്രദ്ധ നൽകേണ്ടതുണ്ടെന്നും മോഹൻഭാഗവത് ചൂണ്ടിക്കാട്ടി.

തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് ദേശീയ സെക്രട്ടറി വി. രാധാകൃഷ്‌ണൻ,സൗത്ത് സോൺ ഓർഗനൈസിംഗ് സെക്രട്ടറി എസ്. ദുരൈരാജ്,ജോ. സെക്രട്ടറി എം.പി. രാജീവൻ,സെക്രട്ടറി കെ. നഗേഷ് കുമാർ,സംസ്ഥാന പ്രസിഡന്റ് ബി.ശിവ്‌ജി സുദർശൻ,ജനറൽ സെക്രട്ടറി ജി.കെ. അജിത്,ട്രഷറർ സി. ബാലചന്ദ്രൻ,അഖിലേന്ത്യാ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്‌ണൻ ഉണ്ണിത്താൻ,ആശാ മോൾ,മുൻ അഖിലേന്ത്യാ സി.കെ. സത്യനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.