പൂജ ഖേദകറിന്റെ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് റദ്ദാക്കി
മുംബയ്: വ്യാജ രേഖകൾ നൽകി സിവിൽ സർവീസ് പരീക്ഷയെഴുതിയെന്ന കേസിൽ മുൻ ഐ.എ.എസ് ട്രെയ്നി പൂജ ഖേദ്കറുടെ ഒ.ബി.സി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നാസിക് ഡിവിഷനൽ കമ്മിഷൻ റദ്ദാക്കി. കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ടായിട്ടും പ്രവേശന പരീക്ഷകളിൽ ആനുകൂല്യം നേടാനായി ഒ.ബി.സി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും കാഴ്ചപരിമിതി സംബന്ധിച്ച സർട്ടിഫിക്കറ്റും പൂജ നൽകിയതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ വർഷം ജൂലായിൽ യു.പി.എസ്.സി പൂജയുടെ ഐ.എ.എസ് സെലക്ഷൻ റദ്ദാക്കുകയും പരീക്ഷകൾ എഴുതുന്നതിൽനിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങളെയാണ് ഒ.ബി.സി നോൺ ക്രീമിലെയർ പരിധിയിൽ ഉൾപ്പെടുത്തുന്നത്. 6 ലക്ഷമാണ് കുടുംബത്തിന്റെ വാർഷിക വരുമാനമെന്നായിരുന്നു പൂജയുടെ വാദം. എന്നാൽ ഇവരുടെ കുടുംബത്തിനു കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.