ഗോൾഡൻ ഡോം പദ്ധതി: മസ്കിനെ ഒതുക്കാൻ ട്രംപിന്റെ നീക്കം
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ഗോൾഡൻ ഡോം" മിസൈൽ പ്രതിരോധ സംവിധാന പദ്ധതിയ്ക്കായി ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് പകരം മറ്റ് കമ്പനികളെ തേടുന്നതായി റിപ്പോർട്ട്. ട്രംപും മസ്കും തമ്മിലെ ബന്ധം വഷളായ സാഹചര്യത്തിലാണ് നീക്കം.
പദ്ധതിയുടെ ഭാഗമാക്കാൻ ജെഫ് ബെസോസിന്റെ പ്രോജക്ട് കൈപ്പർ, ലോക്ക്ഹീഡ് മാർട്ടിൻ അടക്കമുള്ള കമ്പനികളെ ട്രംപ് സർക്കാർ പരിഗണിക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സ്റ്റോക്ക് സ്പേസ്, റോക്കറ്റ് ലാബ് തുടങ്ങിയ ചെറു റോക്കറ്റ് കമ്പനികൾ ഗോൾഡൻ ഡോമിലെ വിക്ഷേപണ കരാറുകൾക്കായി രംഗത്തെത്തിയേക്കും.
അതേ സമയം, ഉപഗ്രഹ വിക്ഷേപണ കഴിവുകളും പ്രവർത്തിപരിചയവും പരിഗണിക്കുമ്പോൾ സ്പേസ് എക്സ് പദ്ധതിയുടെ ഭാഗമാകാൻ യോഗ്യതയുള്ള കമ്പനികളുടെ ലിസ്റ്റിൽ മുന്നിലുണ്ട്. അമേരിക്കൻ സൈനിക ആശയവിനിമയത്തിന്റെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്നത് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക്, സ്റ്റാർഷീൽഡ് ഉപഗ്രഹ ശൃംഖലകളാണ്. സ്പേസ് എക്സിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള നീക്കങ്ങൾ ട്രംപ് സർക്കാർ നേരത്തെ തുടങ്ങിയിരുന്നു. സ്പേസ് എക്സുമായി ചേർന്ന് നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന ഹൈപ്പർസോണിക് റോക്കറ്റ് കാർഗോ ഡെലിവറി പരീക്ഷണം യു.എസ് എയർഫോഴ്സ് നിറുത്തിവച്ചെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു.
ശത്രുക്കളിൽ നിന്ന് അമേരിക്കയ്ക്ക് മീതെ സുരക്ഷാ കവചം തീർക്കാനുള്ള ഗോൾഡൻ ഡോം പദ്ധതി മേയിലാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനമായ അയൺഡോമിന്റെ മാതൃകയിലുള്ള ഗോൾഡൻ ഡോം തന്റെ പ്രസിഡൻഷ്യൽ കാലാവധി തീരും മുന്നേ പ്രവർത്തന സജ്ജമാകുമെന്നാണ് ട്രംപിന്റെ വാഗ്ദ്ധാനം.
175 ബില്യൺ ഡോളറാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ അധിഷ്ഠിത സെൻസറുകളും ഇന്റർസെപ്റ്ററുകളും ഉൾക്കൊള്ളുന്ന ഗോൾഡൻ ഡോമിന് ലോകത്തിന്റെ ഏതു കോണിൽ നിന്നോ ബഹിരാകാശത്ത് നിന്നോ വരുന്ന ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് മിസൈലുകളെ തടയാൻ സാധിക്കുമെന്നാണ് അവകാശവാദം.