ധാക്ക വിമാനാപകടം: സഹായത്തിന് ഇന്ത്യൻ മെഡിക്കൽ ടീം
ധാക്ക: 32 പേരുടെ ജീവൻ കവർന്ന ധാക്ക വിമാനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ ബംഗ്ലാദേശിലേക്ക് അയച്ച് ഇന്ത്യ. പൊള്ളൽ ചികിത്സയിൽ വിദഗ്ദ്ധരായ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചത്. പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ ഇന്ത്യയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകും.
പ്രാഥമിക വിലയിരുത്തലുകൾക്ക് ശേഷം അധിക മെഡിക്കൽ ടീമുകളെ അയക്കുന്നത് പരിഗണിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ധാക്കയുടെ വടക്കൻ മേഖലയായ ഉത്താരയിൽ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് ക്യാമ്പസിലേക്ക് ബംഗ്ലാദേശ് വ്യോമസേനയുടെ ചൈനീസ് നിർമ്മിത എഫ്-7 ബി.ജി.ഐ വിമാനം തകർന്നുവീണ് പൊട്ടിത്തെറിച്ചത്.
സ്കൂളിലെ ഇരുനില കെട്ടിടത്തിലേക്കാണ് വിമാനം വീണത്. മരിച്ചവരിൽ 29 പേരും സ്കൂളിലെ കുട്ടികളാണ്. 2 അദ്ധ്യാപകരും വിമാനത്തിന്റെ പൈലറ്റും കൊല്ലപ്പെട്ടു. 165 പേർക്കാണ് പരിക്കേറ്റത്.