കുതിര ഓട്ടോറിക്ഷയിൽ കയറി, രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Thursday 24 July 2025 10:06 AM IST

ജബൽപൂർ: നടുറോഡിൽ ഏറ്റുമുട്ടിയ കുതിരകളിലൊന്ന് ഓട്ടോറിക്ഷയ്ക്കുള്ളിലേക്ക് കയറിയതിനെത്തുടർന്ന് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. അരമണിക്കൂറോളം ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ കുതിരയെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

നഗ്രാത്ത് ചൗക്കിൽ ഏറെ തിരക്കേറിയ സമയത്തായിരുന്നു കുതിരകളുടെ ഏറ്റുമുട്ടൽ. ഇവയെ തുരത്താൻ നാട്ടുകാർ ശ്രമിച്ചതോടെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലായി. കുതിരകളിലൊന്ന് അടുത്തുളള ഷോറൂമിലേക്ക് ഇടിച്ചുകയറിയതോടെ അവിടെയുണ്ടായിരുന്ന വസ്തുവകകൾക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ജീവനക്കാരും നാട്ടുകാരും ചേർന്ന് കുതിരയെ ഷോറൂമിൽ നിന്ന് ഒരുതരത്തിൽ പുറത്തിറക്കിയതോടെ വീണ്ടും ഏറ്റുമുട്ടൽ തുടങ്ങി. ഈ സമയം യാത്രക്കാരുമായി ഒരു ഓട്ടോറിക്ഷ അതുവഴിപോയി. ഇതോടെ കൂടുതൽ പ്രകോപിതനായ ഒരു കുതിര ഓട്ടോറിക്ഷയ്ക്കുനേരെ കുതിച്ചു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേൽക്കുകയും കുതിര ഓട്ടോയിൽ കുടുങ്ങുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് യാത്രക്കാരനെയും ഡ്രൈവറെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുപതുമിനിട്ടോളം കഠിന പരിശ്രമം നടത്തിയാണ് കുതിരയെ പുറത്തെടുത്തത്. കുതിരയ്ക്കും പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്ത് ജനങ്ങൾക്ക് ഭീതിപടർത്തി കുതിരകൾ ഏറ്റുമുട്ടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അവർ പറയുന്നു. കുതിരകളുടെ ഉ‌ടമസ്ഥരെ കണ്ടെത്തി ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.