ജഗദീഷും ശ്വേതാ മേനോനും നേർക്കുനേർ; അമ്മയിൽ കടുത്ത മത്സരം, ഇതുവരെ സമർപ്പിച്ചത് 125 നാമനിർദ്ദേശ പത്രികകൾ
കൊച്ചി: മലയാള സിനിമാതാരസംഘടനയായ അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേതാ മേനോനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നിലവിൽ അഞ്ചിലധികം പത്രികകളാണ് പ്രസിഡന്റ് സ്ഥാനത്തേക്കായി സമർപ്പിച്ചിട്ടുളളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും പത്രിക സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അമ്മയിലെ താരങ്ങളിൽ മിക്കവരും ഇത്തവണ തിരഞ്ഞെടുപ്പിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.
താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുമോ എന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ആകെ 508 അംഗങ്ങളാണ് അമ്മയിലുളളത്. അതിൽ ഇന്നലെ വരെ 125ൽ അധികം പത്രികകളാണ് സമർപ്പിച്ചിട്ടുളളത്. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് അഞ്ചരയ്ക്ക് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. കുഞ്ചാക്കോ ബോബൻ, വിജയരാഘവൻ തുടങ്ങിയവരുടെ പേര് പ്രധാന സ്ഥാനങ്ങളിലേക്ക് ഉയർന്നുവന്നെങ്കിലും അവർ ഇതുവരെ പത്രിക സമർപ്പിച്ചിട്ടില്ല. അടുത്ത മാസം 15നാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ വോട്ടെടുപ്പിനുശേഷം വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്നസെന്റിന്റെ മരണശേഷം കഴിഞ്ഞ മൂന്ന് തവണയും മോഹൻലാലാണ് അമ്മയിൽ പ്രസിഡന്റ് സ്ഥാനം വഹിച്ചത്. ഹേമാ കമ്മിറ്റി വിവാദത്തെ തുടർന്ന് രാജിവച്ച് ഒഴിഞ്ഞ അവസാന ഭരണസമിതിയെ നയിച്ചതും അദ്ദേഹമാണ്. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, ഇനി ഭാരവാഹിയാകാനില്ലെന്ന് മോഹൻലാൽ നിലപാടെടുക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന അഡ്‌ഹോക് കമ്മിറ്റിയുടെ അഭ്യർത്ഥന നിരസിച്ചാണ് മോഹൻലാൽ തീരുമാനമറിയിച്ചത്.