റഷ്യൻ വിമാനം തകർന്ന് 49 മരണം, അപകടത്തിൽപ്പെട്ടത് 50 വർഷം പഴക്കമുള്ള വിമാനം
മോസ്‌കോ: റഷ്യൻ വിമാനം തകർന്നുവീണ് 49 മരണം. സൈബീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അങ്കാര എയർലൈനിന്റെ എൻ-24 വിമാനമാണ് തകർന്നത്. ചൈനീസ് അതിർത്തിക്ക് സമീപമുള്ള റഷ്യൻ നഗരമായ ടിൻഡയിലേയ്ക്ക് പറക്കുകയായിരുന്ന വിമാനം കിഴക്കൻ റഷ്യയുടെ അമുർ മേഖലയിലാണ് തകർന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന അഞ്ച് കുട്ടികൾ അടക്കം 43 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും അടക്കമുള്ളവരാണ് മരിച്ചത്. ഇവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു. ലാൻഡിംഗ് സമയത്ത് കാഴ്‌ച വ്യക്തമല്ലാത്തതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് കാർമേഘങ്ങൾ ഉണ്ടായിരുന്നതായും മഴയുണ്ടായിരുന്നതായും വിവരമുണ്ട്. വിമാനത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിമാനം കാണാതായതിനെത്തുടർന്ന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി റഷ്യൻ ഫെഡറേഷൻ ഫോർ ട്രാൻസ്‌പോർട്ടിന്റെ അന്വേഷണ സമിതി അറിയിച്ചിരുന്നു.
1950കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയനിൽ വികസിപ്പിച്ചെടുത്ത ഒരു ഇരട്ട ടർബോപ്രോപ്പ് ഗതാഗത വിമാനമാണ് എൻ-24. യുക്രെയ്‌നിലെ കീവിലുള്ള അന്റോനോവ് ഡിസൈൻ ബ്യൂറോയാണ് വിമാനം രൂപകൽപ്പന ചെയ്തത്.