'ഷീലു മാഡത്തിന് നഷ്ടപ്പെട്ട അരമന വീടും അഞ്ഞൂറേക്കറും തിരികെ കൊടുത്ത നടൻമാർക്ക് നന്ദി' പരിഹാസവുമായി ഒമർ ലുലു
നടിയും നിമ്മാതാവുമായ ഷീലു എബ്രഹാമിനെ പരിഹസിച്ച് കുറിപ്പുമായി സംവിധായകൻ ഒമർ ലുലു. ബാഡ് ബോയ്‌സ് എന്ന സിനിമയുടെ റിലീസ് കഴിഞ്ഞ് സിനിമയുടെ നിർമ്മാതാക്കൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്ന് ഷീലു എബ്രഹാം പറഞ്ഞിരുന്നു. ഷീലു നായികയായി അഭിനയിച്ച "രവീന്ദ്ര നീ എവിടെ?" എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിലാണ് പരമാർശം നടത്തിയത്. ഇത് വലിയ ചർച്ചയായിരുന്നു.
ബാഡ് ബോയ്‌സ് പരാജയപ്പെട്ടതിനെത്തുടർന്ന് തനിക്ക് സ്വന്തം വീട് വിട്ട് വാടക വീട്ടിലേക്ക് താമസം മാറേണ്ടിവന്നുവെന്നാണ് ഷീലു പറഞ്ഞത്. ഇതിനു പിന്നലെയാണ് ഷീലുവിന് നഷ്ടം നികത്താൻ സഹായിച്ചതിന് അനൂപ് മേനോനെയും ധ്യാൻ ശ്രീനിവാസനെയും അഭിനന്ദിച്ചുകൊണ്ടുള്ള പരിഹാസം കലർന്ന കുറിപ്പ് ഒമർ ലുലു ഫേസ്ബുക്കിൽ പങ്കിട്ടത്. പിന്നീട് ഒമർ ലുലു തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ഒമർ ലുലു പിൻവലിച്ച പോസ്റ്റിന്റെ പൂർണരൂപം :
'ബഹുമാന്യരായ നാട്ടുകാരെ, ഒരു ദശാബ്ദ കാലമായി മലയാള സിനിമയിൽ ഇൻഡസ്ട്രിയൽ ഹിറ്റ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോൻ ചേട്ടനും, തന്റെ ഉള്ളിലെ കഴിവ് അഭിനയത്തിൽ മാത്രം ഒതുക്കി നിർത്താതെ മലയാള സിനിമക്ക് എണ്ണം പറഞ്ഞ നാല് സ്ക്രിപ്പ്റ്റുകൾ എഴുതി സമ്മാനിച്ച ധ്യാൻ സാറും കൂടി മറ്റൊരു ഇൻഡസ്ട്രിയൽ ഹിറ്റ് നൽകി കൊണ്ട് നായികയും നിർമ്മാതാവുമായ ഷീലു മാഡത്തിന് ബാഡ്ബോയിസിലൂടെ നഷ്ടപ്പെട്ടു പോയ അരമന വീടും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങൾ.'- എന്നായിരുന്നു ഒമർ ലുലു പോസ്റ്റിൽ കുറിച്ചത്.
സംഭവം വിവാദമായതോടെ സംവിധായകൻ പോസ്റ്റു പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓണം റിലീസായി പുറത്തുവന്ന "ബാഡ് ബോയ്സ്" ബോക്സ് ഓഫീസ് പരാജയമായിരുന്നു. ഷീലു എബ്രഹാമിന്റെ ഭർത്താവ് എബ്രഹാം മാത്യു ആയിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്.