'ആരോപണ വിധേയരായ രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലേ, പിന്നെ നടന്മാർക്ക് എന്താണ് കുഴപ്പം'

Thursday 24 July 2025 3:07 PM IST

മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ തിരഞ്ഞെടുപ്പിനായി എല്ലാ താരങ്ങളും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഓഗസ്റ്റ് 15ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നത് സംഘടനയ്ക്ക് ശുഭ സൂചനയാണെന്നാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടി അൻസിബ ഹസ്സൻ പറയുന്നു.

അഡ്-ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നിരവധി അംഗങ്ങളെ മത്സരിക്കാൻ പ്രേരിപ്പിച്ചുവെന്നും ഇതിലൂടെ ആരോഗ്യകരമായ മത്സരം സൃഷ്ടിച്ചുവെന്നും അൻസിബ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ ജഗദീഷ് അംഗങ്ങളുടെ പിന്തുണ തേടുന്നുണ്ടെന്നും, കുഞ്ചാക്കോ ബോബൻ, വിജയരാഘവൻ എന്നിവരെ തുടക്കത്തിൽ മുൻനിര സ്ഥാനാർത്ഥികളായി കണക്കാക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരോപണങ്ങൾ കാരണം എതിർപ്പ് നേരിടുന്ന ബാബുരാജിനെതിരെ ജോയ് മാത്യുവാണ് മത്സരിക്കുക. ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ അൻസിബ ഹസ്സനും ഉൾപ്പെടുന്നു. ബാബുരാജിനെതിരെ ആരോപണങ്ങൾ ഉയർന്നു കേൾക്കുന്നതു കൊണ്ട് അദ്ദേഹത്തെ മത്സരിപ്പിക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

എന്നാൽ ആരോപണവിധേയരായ വ്യക്തികൾ മത്സരിക്കരുതെന്നാണ് രവീന്ദ്രനെപ്പോലുള്ളവർ അഭിപ്രായപ്പെട്ടത്. ആരോപണവിധേയരായ രാഷ്ട്രീയക്കാർക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയുമെങ്കിൽ, AMMA നേതൃത്വത്തിൽ ആരോപണം നേരിടുന്നവരെ വിലക്കാൻ ആർക്കും കഴിയില്ലെന്നാണ് അൻസിബ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അമ്മയിലെ ചില അംഗങ്ങൾക്കെതിരായ പീഡന ആരോപണങ്ങൾ തുറന്നുകാട്ടിയതിനെത്തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ വഴിവച്ചത്. ഇത് മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും രാജിയിലേക്ക് നയിച്ചു. മുൻ പ്രസിഡന്റായ മോഹൻലാലും സംഘടനയിൽ നിന്നും സ്വമേധയാ പുറത്തു പോയി. ഇതിനു ശേഷമാണ് പുതിയ തിരഞ്ഞെടുപ്പ് വരെ സംഘടനയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.