'ഇനി ഇന്ത്യയിൽ നിന്നുള്ള നിയമനം വേണ്ട, ആ കാലം കഴിഞ്ഞു'; ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള ടെക് ഭീമന്മാരോട് ട്രംപ്
വാഷിംഗ്‌ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് നിയമനം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള വൻകിട ടെക് കമ്പനികളോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്‌ടണിൽ നടന്ന എഐ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ചൈനയിൽ ഫാക്‌ടറികൾ നിർമിക്കുന്നതും ഇന്ത്യൻ ടെക്കികൾക്ക് തൊഴിൽ നൽകുന്നതും നിർത്തി അമേരിക്കൻ കമ്പനികൾ സ്വന്തം രാജ്യത്ത് തൊഴിലുകൾ സൃഷ്ടിക്കുന്നതിന് പ്രാധാന്യം നൽകണമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
'സാങ്കേതിക വ്യവസായത്തിന്റെ ആഗോള മാനസികാവസ്ഥയാണിത്. നമ്മുടെ ഏറ്റവും വലിയ ടെക് കമ്പനികളിൽ പലതും ചൈനയിൽ ഫാക്ടറികൾ പണിയുമ്പോഴും, ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ നിയമിക്കുമ്പോഴും, അയർലണ്ടിൽ ലാഭം ഉണ്ടാക്കുമ്പോഴും അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങൾ നേടിയവരാണ്. അതേസമയം, സ്വന്തം നാട്ടിൽ പൗരന്മാരെ പിരിച്ചുവിടുകയും സെൻസർ ചെയ്യുകയും ചെയ്യുന്നു. പ്രസിഡന്റ് ട്രംപിന്റെ കീഴിൽ, ആ ദിവസങ്ങൾ അവസാനിച്ചു.
എഐ മത്സരം വിജയിക്കുന്നതിന് സിലിക്കൺ വാലിയിലും സിലിക്കൺ വാലിക്ക് അപ്പുറത്തും ദേശസ്‌നേഹത്തിന്റെയും ദേശീയ വിശ്വസ്തതയുടെയും പുതിയ മനോഭാവം ആവശ്യമായി വരും. അമേരിക്കയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന യുഎസ് ടെക്നോളജി കമ്പനികളാണ് നമുക്ക് ആവശ്യം. നിങ്ങൾ അമേരിക്കയെ ഒന്നാമതെത്തിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ അത് ചെയ്യണം. ഞങ്ങൾ ആവശ്യപ്പെടുന്നത് അത്രമാത്രമാണ്'- എന്നാണ് ട്രംപ് വ്യക്തമാക്കിയത്. സമ്മേളനത്തിൽ എഐയുമായി ബന്ധപ്പെട്ട മൂന്ന് ഉത്തരവുകളിലും ട്രംപ് ഒപ്പിട്ടു.