'ശരിക്കും പറഞ്ഞാൽ വല്ലാതെ തോന്നി'; ജെഎസ്‌കെയിലെ മാധവിന്റെ അഭിനയത്തെക്കുറിച്ച് സുരേഷ് ഗോപി
ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള (ജെഎസ്‌കെ) എന്ന ചിത്രത്തിലെ മകൻ മാധവ് സുരേഷിന്റെ അഭിനയത്തെക്കുറിച്ച് മനസുതുറന്ന് ചിത്രത്തിലെ നായകൻ സുരേഷ് ഗോപി. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് മാധവ് സുരേഷ് അവതരിപ്പിച്ചത്. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ജെഎസ്‌കെ ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ജൂലായ് 17നാണ് തിയേറ്ററുകളിലെത്തിയത്.
'ശരിക്കും പറഞ്ഞാൽ ഡബ്ബിംഗ് സമയത്ത് കണ്ടപ്പോൾ അത്ര തൃപ്‌തി അല്ലായിരുന്നു. പക്ഷേ തിയേറ്ററിൽ സിനിമ കണ്ടപ്പോൾ കുഴപ്പമില്ലല്ലോ എന്ന് തോന്നി. ഒരു ഷോട്ടിൽ അവൻ കണ്ണ് വല്ലാതെ ഉപയോഗിച്ചതുപോലെ തോന്നി. അത് ആദ്യം എടുത്തതാണ് എന്ന് തോന്നുന്നു. 'ഈ സത്യമൊന്നും ജയിക്കുന്ന സ്ഥലമല്ലല്ലേ കോടതി' എന്ന ഡയലോഗ് പറയുമ്പോൾ കണ്ണ് വലുതായി ഇരിക്കുന്നു. അത് മാത്രമേയുള്ളൂ വല്ലാതെ തോന്നിയത്.
മറ്റൊരു സീനിൽ മാധവ് കൊണ്ടുവന്ന ആറ്റിറ്റ്യൂഡ് നന്നായിരുന്നു. 'സാറ് കാരണമല്ലേ ജാനകിക്ക് ഇങ്ങനെയൊരു സാഹചര്യം വന്നത്, അപ്പോൾ സാറിന് കൂടി അതിൽ ഉത്തരവാദിത്തം ഇല്ലേ' എന്ന ഡയലോഗ് കഴിഞ്ഞ് നോക്കിയ ഒരു നോട്ടം. അവിടെ ഒരു നിശബ്ദതയുണ്ട്'- സുരേഷ് ഗോപി പറഞ്ഞു.
ജെഎസ്‌കെ കാണാൻ സുരേഷ് ഗോപിയും മകനും നടനുമായ ഗോകുൽ സുരേഷും തിയേറ്ററിലെത്തിയിരുന്നു. സഹോദരന്റെ അഭിനയം എങ്ങനെയുണ്ടെന്ന് ചില യുട്യൂബേഴ്‌സ് ഗോകുൽ സുരേഷിനോട് ചോദിച്ചിരുന്നു. പാപ്പരാസികൾക്ക് താൻ മറുപടി നൽകില്ലെന്നായിരുന്നു ഗോകുലിന്റെ പ്രതികരണം.