ഫോളോവേഴ്സിനെ കൂട്ടാൻ സ്ത്രീകളുടെ വീഡിയോ ഒളിഞ്ഞിരുന്ന് പകർത്തും; 19കാരൻ അറസ്റ്റിൽ
ബംഗളൂരു: സ്ത്രീകളുടെ ദൃശ്യങ്ങളും ഫോട്ടോയും സമ്മതമില്ലാതെ രഹസ്യമായി ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യുന്ന യുവാവ് അറസ്റ്റിൽ. "ബംഗളൂരു നൈറ്റ് ലൈഫ്" എന്ന പേരിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ വീഡിയോകൾ പകർത്തിയ 19കാരൻ ഫുഡ് ഡെലിവറി തൊഴിലാളി ദിലാവർ ഹുസൈനെയാണ് ബംഗളൂരു പൊലീസ് പിടികൂടിയത്. മണിപ്പൂർ സ്വദേശിയാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.
എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, കോറമംഗല, ഇന്ദിരാനഗർ തുടങ്ങിയ തിരക്കേറിയ തെരുവുകളിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ ദൃശ്യങ്ങളാണ് യുവാവ് അനുവാദമില്ലാതെ പകർത്തിയത്.
ഹുസൈന്റെ "ദിൽബർ ജാനി-67" എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോകൾ കണ്ടതിനെത്തുടർന്ന് അശോക് നഗർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാനാണ് യുവാവ് ദൃശ്യങ്ങളും ഫോട്ടോകളും പകർത്തിയതെന്ന് പൊലീസ് പറയുന്നു.