കൂത്താടികൾ പെരുകി, ഇലകമണ്ണിലെ മിനി ജലവിതരണ സംഭരണി

Friday 25 July 2025 1:06 AM IST

വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ ചാരുംകുഴിയിൽ സാംസ്കാരികനിലയത്തിന് സമീപം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച മിനി ജലവിതരണ സംഭരണി നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ. നിർമ്മാണം നിലച്ചിട്ട് നാല് മാസത്തിലേറെയായി. ബൽറ്റടിച്ച് അടിസ്ഥാനം നിർമ്മിച്ചതിന്റെ തട്ടുപോലം ഇളക്കിമാറ്റിയിട്ടില്ല. ഇതിനുള്ളിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് കൊതുകുപെരുകാൻ കാരണമായിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ട്. വെള്ളത്തിൽ കൂത്താടികളും പെരുകിയിട്ടുണ്ട്. കോൺട്രാക്ടറുടെ അനാസ്ഥയാണ് പദ്ധതി നിലയ്ക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കുഴൽക്കിണറും നിർമ്മിച്ചു

പഞ്ചായത്തിൽ രൂക്ഷമായ ജലക്ഷാമം നേരിടുന്ന വിളപ്പുറം വാർഡിലെ ചാരുംകുഴി, കുന്നുംപുറം കോളനികളിൽ രണ്ട് കുഴൽക്കിണറുകൾ സ്ഥാപിച്ചു. ജലസംഭരണിയും പൊതുടാപ്പുകളും പമ്പ്ഹൗസുകളും സ്ഥാപിച്ച് ജനങ്ങൾക്കുതന്നെ പമ്പ് ഓപ്പറേറ്റ് ചെയ്യാവുന്ന രീതിയിലാണ് പദ്ധതി. വാട്ടർ അതോറിട്ടിക്ക് പലതവണ നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയില്ലാത്തതിനാലാണ് പഞ്ചായത്ത് ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് കുഴൽക്കിണർ സ്ഥാപിക്കേണ്ടിവന്നത്.

പ്രതികരണം

ഒന്നുകിൽ ഈ നിർമ്മാണം പൊളിച്ചുമാറ്റണം, അല്ലെങ്കിൽ അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കണം.

വിനോജ് വിശാൽ, ഇലകമൺ ഗ്രാമപഞ്ചായത്തംഗം