രചന ജിത്തു മാധവൻ , ചിദംബരത്തിന്റെ ചിത്രം വയനാട്ടിൽ

Friday 25 July 2025 6:19 AM IST

ജാൻ .എ. മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ബ്ളോക് ബസ്റ്ററുകൾക്കുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കും.

പൂർണമായും പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് വയനാടും കണ്ണൂരും ആണ് പ്രധാന ലൊക്കഷൻ. എറണാകുളത്തും തിരുവനന്തപുരത്തും ചിത്രീകരണമുണ്ട്. രോമാഞ്ചം, ആവേശം എന്നീ ബ്ലോക് ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ ആണ് രചന. തെന്നിന്ത്യയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ വെങ്കട്ട് കെ. നാരായണയുടെ കെ.വി.എൻ പ്രൊഡക്ഷൻസും തെസ്‌പിയൻ ഫിലിംസും ചേർന്നാണ് നിർമ്മാണം. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.

സുഷിൻ ശ്യാം ആണ് സംഗീതം. ചിത്രസംയോജനം വിവേക് ഹർഷൻ. കലാസംവിധാനം അജയൻ ചാലിശേരി, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. നടൻ ഗണപതിയും,ചന്ദു സലിംകുമാറും അണിയറ പ്രവർത്തകരായുണ്ട്. ഷൈലജ ദേശായിഫെൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.

അതേസമയം കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിലൂടെ ചിദംബരം അഭിനേതാവുമായി.

ന്നാ താൻ കേസ് കൊട്, സുരേശിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്നീ ചിത്രങ്ങൾക്കുശേഷം കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും വീണ്ടും ഒരുമിക്കുന്ന ചിത്രം ആണ്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. പൂർണമായും വയനാട്ടിൽ ചിത്രീകരിച്ച ഒരു ദുരൂഹ സാഹചര്യത്തിൽ റിലീസിന് ഒരുങ്ങുകയാണ് . മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം.