ടൊറന്റോ മേളയിൽ മലയാളി തിളക്കമാകാൻ ഇന്ദ്രജിത്ത്
ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 50-ാം വാർഷികത്തിന് തിരഞ്ഞെടുക്കപ്പെട്ട അനുരാഗ് കശ്യപിന്റെ മങ്കി ഇൻ എ കേജ് എന്ന ചിത്രത്തിൽ ഇന്ദ്രജിത്തും. ബോബി ഡിയോൾ ആണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്യ മൽഹോത്ര, സാബ ആസാദ്, കന്നട നടൻ രാജ് ബി. ഷെട്ടി എന്നിവരാണ് മറ്റു താരങ്ങൾ.
തിരഞ്ഞെടുക്കപ്പെട്ട 74 ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത് മൂന്ന് ഇന്ത്യൻ സിനിമകളാണ്.
കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച നീരജ് ഗയ് വാന്റെ ഹോം ബൗണ്ട്, രമേശ് സിപ്പിയുടെ ഷോലെ ( റീ റിലീസ്) ഇടം പിടിച്ചിട്ടുണ്ട്. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഹോം ബൗണ്ട് നീരജ് ഗയ്‌വാൻ സംവിധാനം ചെയ്യുന്നു. ടൊറന്റയിൽ പ്രദർശിപ്പിക്കുന്ന ഗയ്‌വാന്റെ ആദ്യ ചിത്രമാണ്.
ഷോലെ അൻപതാംവാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ആദരസൂചകമായാണ് ചിത്രത്തിന്റെ പുതിയ ഡിജിറ്റൽ പതിപ്പ് പ്രദർശിപ്പിക്കുക. സെപ്തംബർ 4 മുതൽ 14 വരെയാണ് മേള.