ഐ.ടി.ഐ വിദ്യാർത്ഥിനിയുടെ മരണം; വീട്ടമ്മ അറസ്റ്റിൽ

Friday 25 July 2025 4:15 AM IST

വിഴിഞ്ഞം:ഐ.ടി.ഐ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ. വെണ്ണിയൂർ നെടിഞ്ഞൽ എ.ആർ ഭവനിൽ രാജം(54)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. വീട്ടമ്മ അസഭ്യം പറഞ്ഞതിൽ മനംനൊന്താണ് അയൽവാസിയായ വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ(18)വീടിന്റെ രണ്ടാം നിലയിലെ ഫാനിൽ തൂങ്ങിമരിച്ചതെന്നാണ് ആരോപണം. ചൊവ്വാഴ്ചയായിരുന്നു സംഭവം.അയൽവാസികൾ അസഭ്യവർഷം നടത്തിയതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. കൂടാതെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യും മുൻപ് , ബന്ധുക്കളെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞിരുന്നു. ഇത് റെക്കാഡ് ചെയ്ത ബന്ധു പൊലീസിന് തെളിവ് കൈമാറി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകൾ ആത്മഹത്യ ചെയ്തതെന്നു പിതാവ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. അയൽവീട്ടിലെ യുവാവ് ഭാര്യയുമായി പ്രശ്നം നിലനിന്നിരുന്നുവെന്നും അറസ്റ്റിലായ വീട്ടമ്മയുടെ വീട്ടിലേക്ക് ഇവരുടെ മകന്റെ ഭാര്യ എത്തിയത് അനുഷയുടെ പുരയിടം വഴിയാണെന്നും ഇവിടത്തെ കാര്യങ്ങൾ

യുവാവിന്റെ ഭാര്യയെ അറിയിക്കുന്നത് ഈ വിദ്യാർത്ഥിനിയാണെന്നും ആരോപിച്ചാണ് പ്രതിയുടെ അസഭ്യമെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഇതിനെ തുടർന്നായിരുന്നു വിദ്യാർത്ഥിനിയുടെ ആത്മഹത്യ. ധനുവച്ചപുരം ഐ.ടി.ഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നതു കാത്തിരിക്കെയായിരുന്നു അനുഷ.ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണ് കേസെടുത്തതെന്നും പ്രതിയെ റിമാൻഡ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു.