സി.എച്ച്.ആർ മേഖലയിൽ നിന്നും മരങ്ങൾ കടത്തി

Friday 25 July 2025 1:27 AM IST

ശാന്തമ്പാറ:പോത്തൊട്ടിയിൽ ഏലത്തോട്ടത്തിലെ മരങ്ങൾ വെട്ടിക്കടത്തി.സി.എച്ച്.ആർ മേഖലയിൽ നിന്നാണ് വിവിധ ഇനങ്ങളിൽ പെട്ട 150 ലധികം മരങ്ങൾ മുറിച്ച് കടത്തിയത്.കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിനെ തുടർന്ന് നാശനഷ്ടമുണ്ടായ മേഖലയ്ക്ക് സമീപത്ത് നിന്നാണ് മരങ്ങൾ മുറിച്ചത്. ഏലം റീ പ്ലാന്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് വ്യാപകമായി മരങ്ങൾ മുറിച്ച് കടത്തിയത് സി.എച്ച്.ആർ ഭൂമിയിലെ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് അനുമതിയില്ലെന്നിരിക്കെയാണ് വ്യാപകമായി മരം വെട്ടിക്കടത്തിയത്. കാർഷിക ആവശ്യങ്ങൾക്കായി ചില്ലകൾ വെട്ടി ഒതുക്കാൻ മാത്രമാണ് അനുമതിയുള്ളത്. ആഞ്ഞിലി,മരുത്,ഞാവൽ, പ്ലാവ് തുടങ്ങിയ നിരവധി മരങ്ങളാണ് കടത്തിയത്. തമിഴ്നാട് സ്വദേശിയായ എം.ബൊമ്മയ്യൻ എന്നയാളുടെ പേരിലുള്ള ഭൂമിയാണിത്.സംഭവം വിവാദമായതോടെ വനം വകുപ്പ് കേസ് എടുത്തു.അനധികൃതമായി സി.എച്ച്.ആർൽ നിന്നും മരം മുറിച്ച് കടത്തിയതിനാണ് കേസ്. ബോഡിമെട്ട് സെക്ഷനിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും മരക്കുറ്റികൾ എണ്ണി തിട്ടപ്പെടുത്തി സത അടിക്കുകയും ചെയ്തു. ഒരാഴ്ച മുൻപ് ശാന്തൻപാറ വില്ലേജിൽ മതികെട്ടാൻചോല ദേശീയ ഉദ്യാനത്തോട് ചേർന്നു കിടക്കുന്ന സർവേ നമ്പർ 78/1ൽ ഉൾപ്പെടുന്ന ഒന്നര ഏക്കർ ഭൂമിയിൽ നിന്നും ആനയിറങ്കൽ റവന്യു ഭൂമിയിൽ നിന്ന് സ്വകാര്യ വ്യക്തിയും മരങ്ങൾ മുറിച്ച് കടത്തിയിരുന്നു.