എൻജിനീയറിംഗ് പ്രവേശനം : പോസ്റ്റ് ഓഫീസുകൾ വഴി ഫീസ് അടയ്ക്കാനായില്ല

Friday 25 July 2025 12:58 AM IST

ആലപ്പുഴ: കീം എൻജിനീയറിംഗ് ആദ്യ റൗണ്ട് അലോട്ട്മെന്റ് ലഭിച്ചവർക്ക് പ്രവേശന പരീക്ഷാ ഫീസ് അടയ്ക്കുന്നതിനായി പോസ്റ്റ് ഓഫീസുകൾ വഴി ഏർപ്പെടുത്തിയിരുന്ന സംവിധാനം പരാജയമായി. സീറ്റ് സ്വീകരിക്കാൻ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ തുക ഓൺലൈൻ വഴിയോ, ഹെഡ് പോസ്റ്റ് ഓഫീസുകൾ വഴിയോ അടയ്ക്കാമെന്നായിരുന്നു നിർദ്ദേശം ലഭിച്ചിരുന്നത്. ഇന്ന് രാവിലെ 11 മണിയാണ് പണം അടയ്ക്കാനുള്ള അവസാന സമയം. എന്നാൽ പോസ്റ്റ് ഓഫീസുകളിൽ പ്രവർത്തനം നൂതന ‌ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിന്റെ സോഫ്റ്റ് വെയർ അപ്ഡേഷൻ നടന്നതിനാൽ പണം സ്വീകരിക്കാനാവില്ലെന്ന മറുപടിയാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഭിച്ചത്. പോസ്റ്റോഫീസ് വഴി പണമടയ്ക്കാമെന്ന ധാരണയിൽ, ചിലർ അക്കൗണ്ടിൽ പണം കരുതിയിരുന്നില്ല. ഇതോടെ അവസാനനിമിഷം പണം അക്കൗണ്ടിലിട്ട് ഓൺലൈൻകൈമാറ്റം നടത്തിയാണ് പലരും എണ്ണായിരം രൂപയോളം വരുന്ന ഫീസ് അടച്ചത്.