ഒറ്റ ചാർജിൽ 580 കിലോമീറ്റർ,​ അമ്പരപ്പിക്കുന്ന വേഗത,​ ഞെട്ടിക്കാൻ വാഹന നിർമ്മാതാക്കൾ

Thursday 24 July 2025 10:11 PM IST

വാഹന വിപണിയിൽ കരുത്ത് കാട്ടാനായി എം ജിയുടെ പുത്തൻ ഇലക്ട്രിക് സ്പോർട്സ് കാർ ''സൈബർസ്‌റ്റർ'' ഇന്ത്യൻ വിപണിയിലേക്ക്. 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് എംജി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ''സൈബർസ്‌റ്റർ'' അവതരിപ്പിച്ചത്.ജൂലായ് 25നായിരിക്കും വാഹനത്തിന്റെ വിലയും വിശദാംശങ്ങളും എംജി ഔദ്യോഗികമായി പുറത്തുവിടുക.ക്ലാസിക് സ്‌പോർട്‌സ് കാറുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ മുകളിലേക്കു തുറക്കാനാവുന്ന സിസേഴ്‌സ് ഡോറുകളാണ് പ്രധാന ആകർഷണങ്ങളിലൊന്ന്.മൂന്ന് ഡിജിറ്റൽ ഡിസ്‌പ്ലേകള്‍ ഉൾപ്പെടെ മൾട്ടിപ്പിൾ കൺട്രോളുകളുള്ള ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീലാണ് വാഹനത്തിലുള്ളത്.രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ ഇലക്ട്രിക്ക് സ്‌പോർട്സ് കാറിൽ ഓൾ വീല്‍ ഡ്രൈവും നൽകിയിരിക്കുന്നു.ഇവ കൂടാതെ,സുരക്ഷിതമായ ഡ്രൈവിനായി ലെവൽ 2 ADAS സ്യൂട്ട് സംവിധാനവും വാഹനത്തിലുണ്ട്.

510 എച്ച്പി കരുത്തും,725 എൻ,​എം ടോർക്കും നൽകുന്ന 77 കിലോവാട്ട്‌ ബാറ്ററി പായ്ക്കാണ് കാറിലുള്ളത്, ഇത് ഓരോ ആക്‌സിലിലും സ്ഥാപിച്ചിരിക്കുന്ന ഇരട്ട ഇലക്ട്രിക് മോട്ടോറുകളെ ശക്തിപ്പെടുത്തുന്നു.മണിക്കൂറിൽ 200 കിലോമീറ്ററാണ് വാഹനത്തിന്റ പരമാവധി വേഗത.വെറും 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സൈബർസ്‌റ്ററിന് സാധിക്കും.ഒറ്റ ചാർജിൽ 580 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും.മികച്ച റെയ്ഞ്ച് വാഗ്‌ദാനം ചെയ്യുന്നതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത് .