സംരക്ഷണ ഭിത്തി പേരിന് മാത്രം;മണ്ണിടിഞ്ഞാൽ ഒന്നാകെ പോരും നൂറുമീറ്റർ കുന്ന് തടുക്കാൻ 12 മീറ്റർ ഭിത്തി
കാസർകോട്: മേഘ കൺസ്ട്രക് ഷൻ കമ്പനി ദേശീയപാത പുനർനിർമ്മാണത്തിനായി കുന്നുകളിടിച്ചപ്പോൾ നിർമ്മിച്ച സംരക്ഷണഭിത്തി ദുർബലമെന്ന് ആക്ഷേപം. കുന്ന് ചെറിയതോതിൽ ഇടിയുമ്പോൾ തന്നെ കോൺക്രീറ്റ് ഭിത്തി തകർന്ന് റോഡിലേക്ക് ഒഴുകിവരുന്ന കാഴ്ചയാണ് എല്ലായിടത്തും. ചെറുവത്തൂർ വീരമലയിൽ സംരക്ഷണ ഭിത്തിയും തകർന്ന് ഗതാഗതത്തിന് നേരത്തെ തുറന്നുകൊടുത്തിരുന്ന ആറുവരി പാതയും കടന്നാണ് മണ്ണും കല്ലും ഒഴുകിയെത്തിയത്.
നേരിയ കമ്പികൾ കെട്ടി സിമന്റും ജില്ലിയും കൂട്ടികുഴച്ചുണ്ടാക്കിയ സംരക്ഷണ ഭിത്തിക്ക് കുന്നുകളെ തടുത്തു നിർത്താനുള്ള ശേഷിയില്ല. വീരമല കുന്നിന്റെ ഉയരം നൂറു മീറ്ററിൽ അധികമാണ്. മയ്യിച്ചയിൽ സംരക്ഷണ ഭിത്തിക്ക് വെറും 12 മീറ്റർ ഉയരം മാത്രമേയുള്ളു. ഇടിഞ്ഞുവീണ മണ്ണ് മുഴുവൻ ടിപ്പറിൽ കടത്തുന്നതിന് വേണ്ടി കൂടിയാണ് ഉയരം കുറച്ച സംരക്ഷണഭിത്തി നിർമ്മിച്ചത്. നാളുകളായി മയ്യിച്ചയിലും മട്ടലായിയിലും കരാർ കമ്പനി ഇങ്ങനെ എളുപ്പത്തിൽ മണ്ണ് കടത്തുകയാണ്. രാത്രികാലങ്ങളിൽ പലതവണയാണ് നാട്ടുകാർ ഇത്തരത്തിലുള്ള മണ്ണ് കടത്ത് തടഞ്ഞിട്ടുള്ളത് ജിയോളജി വകുപ്പ് അധികൃതർ നൽകിയ അനുമതിയുടെ ഇരട്ടിയിൽ അധികം മണ്ണ് ഇതിനകം ഇവിടെ നിന്നും കടത്തിക്കഴിഞ്ഞിട്ടുണ്ട്. ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ സ്വകാര്യവ്യക്തികളും മണ്ണ് കടത്തിയിട്ടുണ്ട്.അധികാരികൾക്ക് പരാതികൾ നൽകിയിട്ടുണ്ടെങ്കിലും മിക്കപ്പോഴും മൂടിവെക്കുകയാണ് ചെയ്യുന്നത്.
അശാസ്ത്രീയമായ മണ്ണെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് എം രാജഗോപാലൻ എം എൽ എ നിരവധി തവണ ജില്ലാ വികസന സമിതി യോഗങ്ങളിൽ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥന്മാർ എന്തെങ്കിലും പറഞ്ഞു തടിതപ്പുകയാണ് പതിവ്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള നടപടികൾ വെറും പ്രസ്‌താവനകളിൽ ഒതുങ്ങുകയും ചെയ്യുന്നു.