വി.എസിന് അന്ത്യാഞ്ജലിയായി ചിത്രമൊരുക്കി സൂരജ്
വടക്കാഞ്ചേരി: കുമ്പളങ്ങാട് നടുത്തറ സ്വദേശി ചൂൽപുറത്ത് സൂരജിന്(37) വി.എസ് എന്നാൽ ഹൃദയതാളമാണ്. പോരാട്ടവീര്യവും നിശ്ചയദാർഢ്യവും മുഖമുദ്രയാക്കിയ പ്രിയ സഖാവിന്റെ ചിരിക്കുന്ന മുഖം കോഴിമുട്ടയ്ക്കുള്ളിൽ വരച്ച് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് ഈ മൈക്രോ പെയിന്റർ. കോഴിമുട്ടയിൽ അതീവ ശ്രദ്ധയോടെ സുഷിരമുണ്ടാക്കി മഞ്ഞയും വെള്ളയും നീക്കി വാട്ടർ കളർ ഉപയോഗിച്ച് ഈർക്കിൽ കൊണ്ടാണ് കലാസംവിധാന സഹായി കൂടിയായ സൂരജ് വി.എസിനെ വരച്ചത്.
ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചില്ലെങ്കിലും നിസാരമായാണ് കോഴിമുട്ടയ്ക്കുള്ളിലെ ചിത്രം പൂർത്തിയാക്കിയത്. നേരത്തെ യേശുക്രിസ്തു, മദർ തെരേസ, ചെഗുവേര എന്നിവരുടേത് അടക്കമുള്ള ചിത്രങ്ങൾ കോഴിമുട്ടയ്ക്കുള്ളിൽ വരച്ച് അറേബ്യൻ ബുക്‌സ് ഒഫ് വേൾഡ് റെക്കാഡ്, യൂണിവേഴ്‌സൽ റെക്കാഡ് ഫോറം നാഷണൽ റെക്കാഡ് എന്നീ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
ആലപ്പുഴ വലിയ ചുടുകാടിൽ നടന്ന വി.എസിന്റെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്ത് അന്ത്യാഭിവാദ്യം അർപ്പിച്ചിരുന്നു. പരേതനായ കുമാരൻ, സുമിത്ര ദമ്പതികളുടെ മകനായ സൂരജ് അവിവാഹിതനാണ്. വി.എസ് ചിത്രത്തിന്റെ പ്രദർശനത്തിനുള്ള തയ്യാറെടുപ്പിലാണ് സൂരജ്.