എ.ടി.എം കവർച്ച നടന്നിട്ട് പത്തുമാസം; പണം തിരികെ കിട്ടാതെ വലഞ്ഞ് ബാങ്കുകാർ

Friday 25 July 2025 12:23 AM IST

തൃശൂർ: ഒരേ ദിവസം മൂന്ന് എ.ടി.എമ്മുകളിൽ നിന്ന് 69.43 ലക്ഷം കവർന്ന സംഭവത്തിൽ പിടികൂടിയ പണം പത്ത് മാസമായിട്ടും ബാങ്ക് അധികൃതർക്ക് ലഭിച്ചില്ല. പ്രതികളെ പിടികൂടുകയും പണം കോടതിയിൽ ഹാജരാക്കുകയും ചെയ്തെങ്കിലും പണം തിരികെ കിട്ടാൻ നൂലാമാലകളേറെ. ഇതുമായി ബന്ധപ്പെട്ട കേസ് നാമക്കൽ കോടതിയിലാണ്. എസ്.ബി.ഐയുടെ മാപ്രാണം, തൃശൂർ - ഷൊർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കൊള്ള നടത്തിയത്.

പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തയുടൻ ബാങ്ക് അധികൃതർ പണം തിരികെ കിട്ടുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയിരുന്നു. രണ്ട് സംസ്ഥാനങ്ങളിലായി കേസ് നടക്കുന്നതിനാൽ നൂലാമാലകളും ഏറെയാണത്രെ. അതേസമയം പണം കിട്ടാനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് ബാങ്ക് ഉദ്യോഗസ്ഥർ കേരളകൗമുദിയോട് പറഞ്ഞു.

കഴിഞ്ഞ മാസം ബാങ്ക് നിയോഗിച്ച അഭിഭാഷകനുമായി കോടതി ഹിയറിംഗ് നടത്തിയിരുന്നു. തൃശൂരിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായാണ് കവർച്ചാക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെയെല്ലാം റിപ്പോർട്ടുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

പ്രതികൾ റിമാൻഡിൽ തന്നെ

കഴിഞ്ഞ വർഷം സെപ്തംബർ 27ന് പുലർച്ചെ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ ഹരിയാന സ്വദേശി അസ്‌കർ അലി, പൽവാൽ സ്വദേശികളായ ഇർഫാൻ, ഷാബിർ ഖാൻ, ഷൗക്കീൻ, മുബാറക്ക്, നൂഹ് ജില്ലയിലെ മുഹമ്മദ് ഇക്രാം എന്നീ പ്രതികൾ ഇപ്പോഴും റിമാൻഡിൽ. രക്ഷപെടുന്നതിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കണ്ടെയ്‌നർ ഡ്രൈവറും ഉത്തരേന്ത്യൻ സ്വദേശിയുമായ ജലാലുദ്ദീൻ (37) കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച ജുജീഷ്യൽ അന്വേഷണവും കുമാരപാളയം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി. മാലതിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. എ.ടി.എമ്മുകൾ കൊള്ളയടിച്ചശേഷം ദേശീയപാത വഴി തമിഴ്‌നാട്ടിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് നാമക്കലിൽ വച്ച് എൻകൗണ്ടറിലൂടെ പ്രതികളെ തമിഴ്നാട് പൊലീസ് പിടികൂടിയത്. നാമക്കലിൽ കവർച്ചാസംഘം സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചതിനെത്തുടർന്ന് തർക്കം നടന്നതാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.