ആറാട്ടുപുഴ ക്ഷേത്രം ഇല്ലംനിറ

Friday 25 July 2025 12:29 AM IST

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ 27ന് നടക്കും രാവിലെ എട്ടിന് നമസ്‌കാര മണ്ഡപത്തിൽ ഗണപതി പൂജയോടെ ഇല്ലംനിറയുടെ ചടങ്ങുകൾ ആരംഭിക്കും. ഇല്ലി, നെല്ലി, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവയുടെ ഇലകൾ മണ്ഡപത്തിൽ സമർപ്പിച്ച് ലക്ഷ്മിപൂജയ്ക്ക്‌ ശേഷം മേൽശാന്തിമാർ കതിർക്കറ്റകൾ ശിരസിലേറ്റി ക്ഷേത്രമതിൽക്കകത്ത് പ്രദക്ഷിണം വച്ച് കതിരുകളെ ചുറ്റിനകത്തേക്ക് എഴുന്നെള്ളിക്കും. പൂജിച്ച കതിരുകൾ ശ്രീകോവിലിൽ ശാസ്താവിന് സമർപ്പിക്കും. ക്ഷേത്രം പത്തായപ്പുരയിലും നെല്ലറയിലും കതിരുകൾ സമർപ്പിച്ചശേഷം ഭക്തർക്ക് കതിരുകൾ പ്രസാദമായി നൽകും. ക്ഷേത്രം മേൽശാന്തിമാരായ കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും.