മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിന് താങ്ങായി 'തെങ്ങ്'
വെള്ളറട: മറിഞ്ഞുവീണ പോസ്റ്റ് വീഴാതെ കെട്ടിവച്ചിരിക്കുന്നത് തെങ്ങിൽ. വെള്ളറട വൈദ്യുതി സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള ചിറത്തലയ്ക്കൽ ഭാഗത്ത്, ആറാട്ടുകുഴിയിലേക്ക് വരുന്ന റോഡ് സൈഡിലുള്ള ഒരു ഇലക്ട്രിക് പോസ്റ്റിനാണ് ഈ ദുർഗതി.
റോഡുപണിക്കിടയിൽ എങ്ങനെയോ പൊട്ടിവീണതാണ് പോസ്റ്റ്. ഉടൻ വൈദ്യുതി വകുപ്പിനെ വിവരമറിയിച്ചു. അവരെത്തിയാണ് പോസ്റ്റിനെ സമീപത്തെ വീടിനോടു ചേർന്നുള്ള തെങ്ങിലും വീടിന്റെ മതിലിലുമായി പ്ളാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടിവച്ചിരിക്കുന്നത്.
പിന്നീട് വീട്ടുടമ നിരവധിതവണ ഇത് മാറ്റിത്തരണമെന്ന് വൈദ്യുതി വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കെ.വി ലൈൻ കടന്നുപോകുന്ന പോസ്റ്റാണിത്.ഏകദേശം ഒരു മാസത്തോളമായി വീണിട്ട്.
വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ മറ്റ് ജോലികൾക്ക് ജെ.സി.ബി കൊണ്ടുവരുമ്പോൾ മാറ്റാമെന്ന നിലപാടിലാണ്.ഈ ലൈനിലൂടെ കറണ്ട് കടത്തിവിടുന്നില്ലെന്നും ഇതുനേരത്തേ ഒഴിവാക്കിയതാണെന്നുമാണ് വെള്ളറട വൈദ്യുതി സെക്ഷൻ ഓഫീസിലെ എക്സിക്യൂട്ടീവ് എൻജിനിയർ പറയുന്നത്.എന്നാലും ഭയത്തിലാണ് വീട്ടുടമ്മ. അടിയന്തരമായി ഇത് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.രണ്ട് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്നാണ് ഇപ്പോൾ എ.ഇ പറയുന്നത്.