കുന്നിടിച്ചിൽ,ടാങ്കർലോറി അപകടം, പാലം പണി; ദേശീയപാതയിൽ ദുരിതവ്യാഴം
കണ്ണൂർ: ടാങ്കർലോറി അപകടത്തെ തുടർന്ന് കാഞ്ഞങ്ങാട് കൊവ്വൽസ്റ്റോറിലും, വീരമലക്കുന്ന് ഇടിഞ്ഞതിനെ തുടർന്ന് നീലേശ്വരം മുതൽ ചെറുവത്തൂർ വരെയും പഴയങ്ങാടി,താവം ഓവർബ്രിഡ്ജ് അറ്റകുറ്റപ്പണിയെ തുടർന്ന് പയ്യന്നൂർ -കണ്ണൂർ വരെയും ദേശീയപാതയിൽ ഇന്നലെ അക്ഷരാർത്ഥത്തിൽ യാത്ര നരകതുല്യമായി. ഭൂരിഭാഗം ബസുകളും സർവീസ് ഉപേക്ഷിക്കുകയോ, ട്രിപ്പുകൾ വെട്ടിക്കുറക്കുകയോ ചെയ്തു. സർവീസ് നടത്തിയവ മണിക്കൂറുകളോളമാണ് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്നത്.
കാസർകോട് നിന്നുള്ള ബസുകളിൽ ഭൂരിഭാഗവും കൊവ്വൽ സ്റ്റോർ, പടന്നക്കാട് എന്നിവിടങ്ങളിലെ ബ്ളോക്കിൽ കുടുങ്ങി. പത്തുകിലോമീറ്റർ ദൂരമുള്ള നീലേശ്വരത്തേക്ക് കാഞ്ഞങ്ങാട് നിന്ന് ഒന്നരമണിക്കൂറോളമാണ് എടുത്തതെന്ന് പയ്യന്നൂരിലേക്ക് സർവീസ് നടത്തിയ സ്വകാര്യബസിലെ ജീവനക്കാർ പറഞ്ഞു.വീരമലക്കുന്നിടിഞ്ഞ ഭാഗം വഴി ഭാരവാഹനങ്ങൾ മാത്രമാണ് ഇന്നലെ അനുവദിച്ചത്. കുന്നിടിഞ്ഞതിനെ തുടർന്ന് സർവീസ് നിർത്തിവച്ച നൂറുകണക്കിന് ലോറികളും ടാങ്കറുകളും ഒന്നാകെ എത്തിയത് സർവീസ് റോഡിന് ഉൾകൊള്ളാൻ സാധിക്കാതെ വന്നതും ഗതാഗതതടസത്തിന് കാരണമായി. നീലേശ്വരത്ത് നിന്ന് ചെറുവത്തൂർ ഭാഗത്തേക്കുള്ള യാത്രാവാഹനങ്ങളെ സ്വതവേ ഇടുങ്ങിയ കോട്ടപ്പുറം അച്ചാംതുരുത്തി മടക്കര റോഡിലും ഗതാഗതതടസമുണ്ടാക്കി.
അതെ സമയം താവം, പഴയങ്ങാടി ഓവർബ്രിഡ്ജുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കെ.എസ്.ടി.പി റോഡ് വഴി പോകേണ്ട വാഹനങ്ങൾ ദേശീയപാതയിലേക്ക് കടന്നതാണ് പയ്യന്നൂർ കണ്ണൂർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തിയത്. പരിയാരം,ചുടല, എന്നിവിടങ്ങളിൽ കടന്നുകിട്ടാൻ മണിക്കൂറുകളാണ് വേണ്ടിവന്നത്. പാപ്പിനശ്ശേരിയിലും അതിരൂക്ഷമായ ഗതാഗതതടസം നേരിട്ടു.
പുതിയതെരുവിലും ദേശീയപാതയിൽ വലിയ ബ്ളോക്ക് രൂപപ്പെട്ടിരുന്നു. അടച്ച കുഴികൾ ഓരോന്നായി പൊട്ടിത്തകർന്നതോടെ റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. പാപ്പിനിശേരി വേളാപുരം മുതൽ പുതിയതെരുവ് വരെ മണിക്കൂറുകളാണ് വാഹനങ്ങൾക്ക് നഷ്ടപ്പെടുന്നത്. നേരത്തെ പുതിയതെരുവിൽ അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്ക് ട്രാഫിക് പരിഷ്‌കാരത്തോടെ ഒഴിവായെങ്കിലും പാപ്പിനിശ്ശേരി തൊട്ട് പുതിയതെരു വരെ മിക്ക ദിവസവും വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെടുന്നത്.