കുതിച്ചുയർന്ന് കോഴിത്തീറ്റവില, നഷ്ടക്കണക്കിലേക്ക് കർഷകർ

Thursday 24 July 2025 10:57 PM IST

ആലപ്പുഴ : കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില കുതിച്ചുയർന്നതോടെ കർഷകർ ദുരിതത്തിൽ. ഒരാഴ്ചയ്ക്കിടെ 50 കിലോയുടെ ഒരുചാക്ക് കോഴിത്തീറ്റയ്ക്ക് കൂടിയത് 90രൂപയാണ്. കോഴിക്കുഞ്ഞിനെ വളർത്തി ഒരുകിലോ തൂക്കം വരുത്തുന്നതിന് 90 രൂപ കർഷകർക്ക് ചെലവ് വരും. കോഴികൾക്ക് പ്രീസ്റ്റാർട്ടർ, സ്റ്റാർട്ടർ, ഫിനിഷർ എന്നിങ്ങനെയാണ് തീറ്റ നൽകുന്നത്. കുഞ്ഞായിരിക്കേ നൽകേണ്ട തരിയില്ലാത്ത തീറ്റയാണ് പ്രീ സ്റ്റാർട്ടർ, പ്രോട്ടീൻ കൂടുതലുള്ളതാണ് സ്റ്റാർട്ടർ. എല്ലാത്തിനും ചാക്കിന് 90 രൂപ വീതം വില കൂടിയിട്ടുണ്ട്.

45ദിവസം വരെയാണ് കോഴികളെ വളർത്തേണ്ടത്. ഒന്നിന് കുറഞ്ഞത് മൂന്നുകിലോ തീറ്റ വേണ്ടിവരും. വൈദ്യുതി, അറക്കപ്പൊടി എന്നിവയുടെ ചെലവ് കൂടി കൂട്ടിയാൽ നഷ്ടം പിന്നെയും കൂടും. രോഗങ്ങൾ കാരണം കോഴികൾ ചാകുന്നതും നഷ്ടം കൂട്ടും.

കോഴി‌ക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയോളമാണ് വർദ്ധിച്ചത്. ഒരാഴ്ചമുമ്പ് 22-23 രൂപ വരെയായിരുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 40 രൂപയാണ് വില. തമിഴ്നാട്ടിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങൾ എത്തുന്നത്.

ഒരാഴ്ചയ്ക്കിടെ കൂടിയത് 90 രൂപ

 കോഴിക്കുഞ്ഞുങ്ങളുടെയും കോഴിത്തീറ്റയുടെയും വില കൂടിയത് ഓണം മുന്നിൽക്കണ്ട് കൃഷിയിറക്കാനിരുന്ന കോഴികർഷകർക്ക് ഇരുട്ടടിയായി

 വലിയ തുക മുടക്കി കോഴികൃഷി നടത്തിയാൽ വേണ്ട കച്ചവടം ലഭിക്കുമോ എന്ന ആശങ്കയിലാണവർ

 കോഴിത്തീറ്റ നിർമ്മാണ കമ്പനികൾ ഇടയ്ക്കിടെ വിലവ‌ർദ്ധിപ്പിക്കുന്നതിൽ സർക്കാർ ഇടപെടൽ നടത്തണം

കോഴിത്തീറ്റ വില (ചാക്കിന്)

പ്രീ സ്റ്റാർട്ടർ : ₹2250

സ്റ്റാർട്ടർ : ₹2200

ഫിനിഷർ : ₹2150

കോഴിത്തീറ്റയുടെ തുടർച്ചയായ വിലവർദ്ധന കർഷകരെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. പൗൾട്രി കർഷകരുടെ ആശങ്ക പരിഹരിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണം

-എസ്.കെ. നസീർ,സംസ്ഥാന ജനറൽ സെക്രട്ടറി

ഓൾ കേരള പൗൾട്രി ഫെഡറേഷൻ