ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ആർ.ഡി.ഒ തസ്തിക ഒഴിഞ്ഞു തന്നെ

Thursday 24 July 2025 11:01 PM IST

കാസർകോട്: ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും കൊണ്ട് ജനങ്ങൾ വലയുമ്പോൾ അടിയന്തിര തീരുമാനം കൈക്കൊള്ളേണ്ടുന്ന സ്ഥിരം ആർ.ഡി.ഒ ഇല്ലാതെ കാഞ്ഞങ്ങാട് സബ് ഡിവിഷൻ.പ്രധാന ഉദ്യോഗസ്ഥനായ സബ് കളക്ടർ ഗുജറത്ത് കേഡറിലേക്ക് മാറിയിട്ടു പകരം ചുമതല നൽകിയത് കാസർകോട് ആർ.ഡി.ഒ ബിനു ജോസഫിനാണ്.

കഴിഞ്ഞ മേയ് 27 ന് എൻഡോ സൾഫാൻ സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കളക്ടർ ലിപു ലോറൻസിനാണ് കളക്ടർ കാഞ്ഞങ്ങാട് ആർ.ഡി.ഒ യുടെ അധികചുമതല നൽകിയിരുന്നു. പരിശീലനം കഴിഞ്ഞ ജൂനിയർ ഐ.എ.എസ് ഓഫീസർമാർ ഇല്ലാത്തതിനാൽ ആർ.ഡി.ഒ തസ്തികയിൽ ഇൻചാർജ് ഭരണം 'എന്ന കേരളകൗമുദി വാർത്തയെ തുടർന്ന് ആണ് ഡെപ്യൂട്ടി കളക്ടറെ മാറ്റി കഴിഞ്ഞ ജൂലായി നാലിന് ജില്ലാ കളക്ടർ പുതിയ ഉത്തരവ് ഇറക്കിയത്.

ആർ. ഡി. ഒ ബിനു ജോസഫിന് കാസർകോട് സബ് ഡിവിഷനിൽ പിടിപ്പത് പണിയുള്ളപ്പോൾ ആണ് കാഞ്ഞങ്ങാട് ആർ.ഡി.ഒ യുടെ അധിക ചുമതല കൂടി നൽകിയിരിക്കുന്നത്. വീരമലയും ടാങ്കർ ദുരന്തവും കടലാക്രമണവും അടക്കം ഒട്ടേറെ ദുരന്തങ്ങളാണ് സബ് ഡിവിഷനിൽ സംഭവിക്കുന്നത്. കാസർകോടും സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നു. തീർപ്പാക്കേണ്ടുന്ന കേസുകൾ കുന്നു കൂടി കിടക്കുകയാണ്. കാഞ്ഞങ്ങാട് സ്ഥിരം ആർ.ഡി.ഒയെ നിയമിച്ച് പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.