കുട്ടമംഗലം വെള്ളത്തിലായിട്ട് ഒരു മാസം, തിരിച്ചുവരാനാകാതെ കുടുംബങ്ങൾ

Friday 25 July 2025 1:07 AM IST

കുട്ടനാട് : മട വീണ് വെള്ളം ഇരച്ചെത്തിയതിനെത്തുടർന്ന് വീടുവിട്ടുപോയ കൈനകരി കുട്ടമംഗലത്ത് നൂറു കണക്കിന് കുടുംബങ്ങൾക്ക് ഒരുമാസം പിന്നിട്ടിട്ടും തിരികെ വരാനായിട്ടില്ല.

കഴിഞ്ഞ ജൂൺ 1നാണ് കൈനകരി കൃഷിഭവന് കീഴിലെ ആറ് പങ്ക് പാടശേഖരവും 19ന് പരുത്തിവളവ് പാടശേഖരവും മടവീണ് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയത്.

ഈ മാസം 18,19 തീയതികളിലായി 15ലക്ഷം രൂപയോളം മുടക്കി പരുത്തിവളവ് പാടശേഖരത്ത് മീറ്റർ കണക്കിന് ആഴത്തിലും നീളത്തിലും വീണ മടകുത്തി മോട്ടോറുകൾ നടത്താൻ തുടങ്ങിയെങ്കിലും തൊട്ടുപിന്നാലെ വീണ്ടും മഴയും വെള്ളപ്പൊക്കവും ശക്തമായതാണ് ഇവരുടെ തിരിച്ചുവരവ് പ്രതിസന്ധിയിക്കിയത്. മോട്ടോർ നടത്തി വറ്റിക്കുന്നത്രയും വെള്ളം അപ്പോൾ തന്നെ മഴപെയ്ത് പാടത്ത് വീണ്ടും നിറയുന്ന സ്ഥിതിവിശേഷമാണുള്ളത്.

വെള്ളംകയറി കിടക്കാൻ തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടതിനെതുടർന്ന് ഭൂരിഭാഗം വീടുകളുടേം തറയും ഭിത്തികളും പൊട്ടി നശിച്ചു. ഇനി ജീവൻ പണയം വച്ചേ ഈ വീടുകളിൽ താമസിക്കാൻ കഴിയൂ..

ഒന്നും പറയാതെ കൃഷി വകുപ്പ്

1.ദുരന്ത നിവാരണ വിഭാഗമാണ് മടകുത്താനുള്ള തുക അനുവദിക്കേണ്ടതെന്ന നിലപാടിലാണ് കൃഷിവകുപ്പ്.

2.മടവീണ് ഒരു മാസം കഴിഞ്ഞിട്ടും മടകുത്തുന്നത്സംബന്ധിച്ച് കൃഷി വകുപ്പ് ഒരു നടപടിയുമെടുത്തിട്ടില്ല

3.പരുത്തിവളവ് പാടശേഖരത്ത് മ‌ടകുത്തുന്നതിന് പാടശേഖരസമിതിക്ക് 15ലക്ഷം രൂപയോളം ചിലവായി

4.സർക്കാർ കണക്കസരിച്ച് 10 ലക്ഷം രൂപ മാത്രമെ ലഭിക്കുകയുള്ളുവെന്നാണ് കർഷകർ പറയുന്നത്

5.ഈ പത്ത് ലക്ഷം രുപ പോലും എന്ന് കിട്ടുമെന്നതിനെക്കുറിച്ച് ഒരു ഉറപ്പും കൃഷി വകുപ്പ് നൽകിയിട്ടില്ല

മുടങ്ങി പഠനവും തൊഴിലും

കുട്ടമംഗലം ഗവ. എൽ. പി. സ്ക്കൂൾ, എസ്. എൻ. ഡി. പി ഹയർസെക്കൻഡറി സ്ക്കൂൾ എന്നിവിടങ്ങളിലായി പ്രദേശത്തെ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് പഠിച്ചുവരുന്നത്. ആറുപങ്കും പരുത്തിവളവ് പാടശേഖരവും മടവീണതോടെ ഈ രണ്ട് സ്ക്കൂളുകളും വെള്ളത്തിൽ മുങ്ങുകയും പഠനം തടസ്സപ്പെടുകയും ചെയ്തു. അതുപോലെ,

പാടം മടവീണതോടെ പ്രദേശത്ത് യാതൊരുവിധ ജോലിയും നടക്കാതെയായി. തൊഴിൽ നഷങ്ങടമായതോടെ ബന്ധുക്കളുടേയും മറ്റും സഹായത്താലാണ് മിക്ക കുടുംബങ്ങളും ഇതുവരെ പിടിച്ചുനിന്നത്.

മടകുത്തുന്നത് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്നു ഒരു നിർദ്ദേശവും ഉണ്ടായിട്ടില്ല. പാടശേഖരസമിതി മുൻ കൈയെടുത്താണ് മടകുത്തി മോട്ടോർ ഓടിച്ചു തുടങ്ങിയത്

- ബി .കെ.വിനോദ് കുട്ടമംഗലം