തീപിടിച്ച മൈക്രോ ബയോളജി ലാബ് സജ്ജമാകാൻ രണ്ടാഴ്ച
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിച്ച മൈക്രോ ബയോളജി ലാബ് എച്ച്. സലാം എം .എൽ. എ സന്ദർശിച്ചു. ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു ലാബിനുള്ളിൽ നിന്ന് പുക ഉയർന്നത്. എന്താണ് സംഭവിച്ചതെന്നറിയാതെ ജീവനക്കാർ ഉൾപ്പടെയുള്ളവർ പരിഭ്രാന്തിയിലായി.ഈ സമയം ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരൻ സേത ലാൽ, പമ്പിംഗ് ഓപ്പറേറ്റർ ഉണ്ണി ജെ .രാജ്, ഫയർ ആൻഡ് സേഫ്റ്റിയിലെ കെ. എം. മഞ്ചേഷ്, രാഗേഷ് എന്നിവരെത്തിയെങ്കിലും മുറികളിലും വരാന്തകളിലും നിറഞ്ഞുനിന്ന പുക മൂലം തീപിടിത്തം എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. ഈ സമയം വൈദ്യുതി ബന്ധവും നിലച്ചു. പിന്നീട് ഏറെ പണിപ്പെട്ടാണ് ഫ്രിഡ്ജിന്റെ പ്ലഗ്ഗിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞത്. ഈ സമയം ഫ്രിഡ്ജും രണ്ട് എയർ കണ്ടീഷനുകളും കത്തിയിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ എന്ന് അഗ്നി രക്ഷാസേനയുമെത്തി. ശ്വാസതടസമുണ്ടായ ജീവനക്കാരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുനാശനഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും, ശുചീകരണമുൾപ്പടെ പൂർത്തിയാക്കി രണ്ടാഴ്ചക്കു ശേഷമേ ലാബ് പൂർണ്ണ പ്രവർത്തന സജ്ജമാകൂ എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാർ പറഞ്ഞു. മൈക്രോബയോളജി മേധാവി ഡോ.ഷാനിമോൾ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോസഫ് ജയ്സൺ, കെട്ടിട വിഭാഗം ഓവർസിയർ ടിഷി, ബയോ മെഡിക്കൽ എഞ്ചിനീയർ സനൂപ് എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.