അതിഥി തൊഴിലാളിയുടെ മൊബൈൽ ഫോൺ കവരാൻ ശ്രമം: പ്രതി റിമാൻഡിൽ

Friday 25 July 2025 3:21 AM IST

മാള: പുത്തൻചിറ ശാന്തിനഗർ റോഡിൽ അതിഥി തൊഴിലാളിയെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ മുഹമ്മദ് സാലിഹിനെ (19) മാള പൊലീസ് അറസ്റ്റ് ചെയ്തു. ജൂലായ് 20ന് രാത്രി ഏഴോടെ ഹോളോ ബ്രിക്‌സ് കമ്പനിയിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശി അജയ് ഭഗത് (36) റോഡിലൂടെ നടക്കവെ പുത്തൻചിറ പിണ്ടാണി

പനങ്ങായി വീട്ടിൽ മുഹമ്മദ് സാലിഹ് ഇയാളെ തടഞ്ഞു. ഷർട്ടിൽ പിടിച്ച് തള്ളി, ഭീഷണിപ്പെടുത്തി 10,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ കവർച്ച ചെയ്യാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.

മാള, കാട്ടൂർ, ആളൂർ പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് വിൽപ്പന, അടിപിടി, പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തൽ എന്നിവ ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുഹമ്മദ് സാലിഹ്.