'സിനിമാക്കാരുമായുള്ള ഫോണ്‍വിളിക്ക് അങ്ങനെയൊരു അര്‍ത്ഥമില്ല'; പേര് പറയാതെ റിന്‍സി മുംതാസ്

Friday 25 July 2025 12:46 AM IST

കൊച്ചി: മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ ലഹരി വിതരണത്തിന്റെ സിനിമാബന്ധങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ യൂട്യൂബര്‍ റിന്‍സി മുംതാസ്. 20.55 ഗ്രാം രാസലഹരിയുമായി അറസ്റ്റിലായ കോഴിക്കോട് ഫെറോക്ക് റിന്‍സിയെയും കൂട്ടാളി കല്ലായി സ്വദേശി യാസര്‍ അറാഫത്തിനെയും തൃക്കാക്കര പൊലീസ് മൂന്ന് ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. അന്വേഷണവുമായി ഇരുവരും സഹകരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ഒരു തവണ കൂടി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പ്രമോഷണല്‍ യൂ ട്യൂബര്‍, സിനിമ പി.ആര്‍.ഒ, ഡിജിറ്റല്‍ ക്രിയേറ്റര്‍ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റിന്‍സിയ്ക്ക് സിനിമാ മേഖലയിലെ ചില പ്രമുഖരുമായി ലഹരി ഇടപാടുകളുള്ളതായി ഡാന്‍സഫിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ റിന്‍സി ഇത് നിഷേധിച്ചു. ചില സിനിമാ പ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ വിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇതിന് ലഹരിയുമായി ബന്ധമില്ലെന്നും സിനിമാപ്രമോഷനുമായി ബന്ധപ്പെട്ടെന്നുമായിരുന്നു മറുപടി.

കാക്കനാട് പാലച്ചുവടിലെ വാടക ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്ത എം.ഡി.എം.എ യുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന നിലപാടിലാണ് റിന്‍സിയും യാസര്‍ അറാഫത്തും. ഫ്‌ലാറ്റില്‍ നിരവധി സന്ദര്‍ശകര്‍ വരാറുണ്ടെന്നും അവര്‍ വച്ചതാകാമെന്നും ഇവര്‍ പറയുന്നു.

ഈ മൊഴികള്‍ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. യാസര്‍ അറാഫത്തിന് ലഹരിയിടപാടുണ്ടെന്നതിന് ഡാന്‍സഫിനും അന്വേഷണ സംഘത്തിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പാലച്ചുവട്ടിലെ ഫ്‌ലാറ്റില്‍ എത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു. റിന്‍സിയുടെ വാട്സാപ്പ് ചാറ്റുകള്‍ വീണ്ടെടുത്ത ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം.