ദേശീയപാത വികസനം വീണ്ടും മന്ദഗതിയിൽ നഷ്ടപരിഹാരം വൈകുന്നെന്ന് ഭൂവുടമകൾ

Friday 25 July 2025 1:45 AM IST

ബാലരാമപുരം: തിരുവനന്തപുരം ജില്ലയിൽ ഹൈവേ വികസനത്തിന്റെ ഭാഗമായി കൊടിനട-വഴിമുക്ക് ഭാഗത്തെ വികസനത്തിന് ഏറ്റെടുത്ത ഭൂമിയിൽ സർക്കാർ തുക അനുവദിച്ചിട്ടും നഷ്ടപരിഹാരം വൈകുന്നതിനെതിരെ ഭൂവുടമകൾ രംഗത്ത്. ഭൂവുടമകൾക്കും ജീവനാംശം നഷ്ടമാകുന്നവർക്കുമായി ധനകാര്യവകുപ്പ് 102 കോടി അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുക നൽകാൻ ഉദ്യോഗസ്ഥവൃന്ദം തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

കൊടിനട മുതൽ വഴിമുക്ക് വരെ ഭൂമി ഏറ്റെടുത്ത ഭാഗങ്ങളിലെ കെട്ടിടം പൊളിച്ചുമാറ്റൽ നടപടികൾ പുരോഗമിക്കുകയാണ്. നൂറിൽപ്പരം പേർക്ക് ഇനിയും നഷ്ടപരിഹാരം നൽകാനുണ്ട്. എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ,​എം.വിൻസെന്റ് തുടങ്ങിയവർ നിയമസഭയിൽ ഇക്കാര്യം നിരവധിതവണ സൂചിപ്പിച്ചിട്ടും പാതവികസനം വീണ്ടും ഇഴഞ്ഞുനീങ്ങുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പാതവികസനം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.

വ്യാപാരികൾ ആശങ്കയിൽ

ദേശീയപാത- വികസനം ഇഴയുന്നതുകാരണം കൊടിനട-വഴിമുക്ക് ഭാഗത്തെ ചെറുകിട കച്ചവടക്കാരും വ്യാപാരികളും ആശങ്കയിലാണ്. നഷ്ടപരിഹാരം വൈകുന്നതുകാരണം പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം വയ്ക്കുവാനോ ബാങ്ക് വായ്പയെടുത്ത് പുതിയ ബിസിനസ് തുടങ്ങുവാനോ കഴിയാത്ത സാഹചര്യമാണ്. യാതൊരുവിധ സാവകാശവും അനുവദിക്കാതെ വേഗത്തിലാണ് റവന്യൂരേഖകൾ ഉദ്യോഗസ്ഥർക്ക് കൈമാറിയതെന്നും പരാതിയുമായി കളക്ടറേറ്റിലെത്തുമ്പോൾ ആരും തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ് ഭൂവുടമകൾ പറയുന്നത്.

ബിൽഡിംഗ് ഓണേഴ്സ്

അസോസിയേഷൻ സമരത്തിന്

കൊടിനട-വഴിമുക്ക് വികസനം വൈകുന്നതിനെതിരെ ഓൾ കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ബാലരാമപുരത്തെ ഭൂവുടമകളെ സംഘടിപ്പിച്ച് സമരമുഖത്തേക്ക് ഇറങ്ങുന്നു. കൊടിനട മുതൽ വഴിമുക്ക് വരെ പാതവികസനം നിലച്ചിട്ട് ഏഴ് വർഷത്തോളമായെന്നും ഇത് ഉദ്യോഗസ്ഥവൃന്ദത്തിന്റെ അലംഭാവമാണെന്നും ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനായി അനുവദിച്ച 102 കോടി രൂപ എവിടെയെന്നാണ് കച്ചവടക്കാർ ചോദിക്കുന്നത്.