5 വർഷത്തിനുശേഷം ചൈനക്കാർക്ക് ഇന്ത്യൻ ടൂറിസ്റ്റ് വിസ

Friday 25 July 2025 12:56 AM IST

ന്യൂഡൽഹി: നയതന്ത്രബന്ധം മെച്ചപ്പെട്ട പശ്ചാത്തലത്തിൽ ചൈനീസ് പൗരൻമാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് ഇന്ത്യ പുനരാരംഭിച്ചു. അഞ്ചുവർഷത്തിനുശേഷമാണിത്. ചൈനയുടെ നിയന്ത്രണത്തിലുള്ള കൈലാസ് മാനസസരോവറിലേക്ക് ഇന്ത്യൻ തീർത്ഥാടകരുടെ യാത്ര ജൂൺ 30ന് പുനരാരംഭിച്ചതിന് പിന്നാലെയാണിത്.

ഇന്ത്യൻ വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും വിസ അനുവദിക്കുന്നത് ചൈന ഘട്ടംഘട്ടമായി പുരനരാരംഭിച്ചിരുന്നു. ചൈനക്കാർക്ക് ഇന്ത്യ ബിസിനസ് വിസയും അനുവദിച്ചു.

2020ൽ കൊവിഡിന്റെ പശ്ചാത്തലത്തിലാണ് വിസ നടപടികൾ നിറുത്തിവച്ചതെങ്കിലും ആ വർഷം തന്നെ ഗാൽവൻ താഴ്‌വരയിലെ സംഘർഷം നയതന്ത്രബന്ധത്തെ ബാധിച്ചു. സേനാ പിൻമാറ്റം പ്രാബല്യത്തിൽ വന്നതോടെ നയതന്ത്ര ബന്ധം മെച്ചപ്പെട്ടുവരികയാണ്.

ആഗസ്റ്റിലോ -സെപ്‌തംബറിലോ പ്രധാനമന്ത്രി നരേന്ദ്രമോദി ഷാംങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്ക് പോകാനിടയുണ്ട്. 2018ലാണ് ഒടുവിൽ മോദി പോയത്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായുള്ള ചർച്ചയ്‌ക്കായി ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്‌യി ഇന്ത്യയിലുമെത്തും.