മുംബയ് ട്രെയിൻ സ്‌ഫോടന പരമ്പര : പ്രതികളെ വെറുതെവിട്ടതിൽ സ്റ്റേ
ന്യൂഡൽഹി : 2006ലെ മുംബയ് ട്രെയിൻ സ്‌ഫോടന പരമ്പരയിലെ 12 പ്രതികളെയും വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്‌തു. എന്നാൽ, പുറത്തിറങ്ങിയ പ്രതികൾ ജയിലിൽ തിരികെ കീഴടങ്ങേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുറ്റവിമുക്തരായവർക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലിലാണിത്. കുറ്റവിമുക്തരായവർ ജയിലിൽ കീഴടങ്ങണമെന്ന് മഹാരാഷ്ട്ര സർക്കാരും ആവശ്യപ്പെട്ടില്ല. എന്നാൽ, വിധിയിൽ ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ മഹാരാഷ്ട്ര കൺട്രോൾ ഒഫ് ഓർഗനൈസ്ഡ് ക്രൈം ആക്‌ട് (മക്കോക്ക) പ്രകാരം വിചാരണ നടക്കുന്ന കേസുകളെ ബാധിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞത് കോടതി കണക്കിലെടുത്തു. സ്റ്റേ അനുവദിച്ച സുപ്രീംകോടതി, ബോംബെ ഹൈക്കോടതി വിധി കീഴ്ക്കോടതി വിധികളിൽ പരാമർശിക്കരുതെന്ന് നിർദ്ദേശിച്ചു.
ചിലർ പാക് പൗരന്മാരല്ലേയെന്ന് ചോദ്യം
കേസിലെ ചില പ്രതികൾ പാക് പൗരന്മാരല്ലേയെന്നും സുപ്രീംകോടതി ചോദിച്ചു. കുറ്റവിമുക്തരാക്കപ്പെട്ട 12 പേരിൽ 9 പേർ ജയിൽമോചിതരായി. രണ്ടു പേർക്കെതിരെ മറ്റു കേസുകൾ ഉള്ളതിനാൽ ജയിലിൽ തുടരുകയാണ്. പ്രതികളിലൊരാൾ 2021ൽ മരിച്ചു. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഴുവൻ പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടത്. 5 പേർക്ക് വധശിക്ഷയും, 7 പ്രതികൾക്ക് ജീവപര്യന്തം കഠിനതടവുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അന്വേഷിച്ച കേസാണ്. 2006 ജൂലായ് 11ന് മുംബയിലെ വെസ്റ്റേൺ റെയിൽവേ ലൈനിൽ ഏഴിടത്തുണ്ടായ ബോംബ് സ്‌ഫോടനങ്ങളിൽ 187 പേർ കൊല്ലപ്പെട്ടിരുന്നു. 800ൽപ്പരം പേർക്ക് പരിക്കേറ്റു.