ഭോപ്പാൽ ദുരന്തം: ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
Friday 25 July 2025 1:39 AM IST
ന്യൂഡൽഹി : ഭോപ്പാൽ ദുരന്തത്തിൽ മതിയായ നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന ഇരകളുടെ ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. മദ്ധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ദശകങ്ങൾ പിന്നിട്ട വിഷയമെന്നും നിരീക്ഷിച്ചു. ഗുരുതരമായി പരിക്കേറ്രിട്ടും നിസാരപരിക്കെന്ന് ചൂണ്ടിക്കാട്ടി കുറഞ്ഞ തുകയാണ് നഷ്‌ടപരിഹാരമായി നൽകിയതെന്ന് ഹർജിക്കാർ പരാതിപ്പെട്ടു. 1984 ഡിസംബർ രണ്ടിന് ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്‌ടറിയിൽ നിന്ന് മീഥൈൽ ഐസോ സയനേറ്റ് വാതകം ചോർന്ന് 5000പ്പരം പേർ മരിച്ചെന്നാണ് കണക്കുകൾ. 5 ലക്ഷത്തിൽപ്പരം പേരെ അംഗഭംഗവും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ബാധിച്ചു.