കൊയ്ത്തുയന്ത്രത്തിന് വഴിയൊരുക്കി പച്ചക്കൊടി വീശി വി.എസ്.
കോട്ടയം: കർഷക തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ നായകനായ വി.എസ്.അച്യുതാനന്ദനെ പലരും വികസന വിരോധിയായി ചിത്രീകരിക്കുമ്പോൾ കുട്ടനാട്ടിൽ ആദ്യമായി കൊയ്തു യന്ത്രം കൊണ്ടുവന്നത് അദ്ദേഹത്തിന്റെ കൂടി പിൻബലത്താലെന്ന് ജെ.എസ്.എസ് ജില്ലാ സെക്രട്ടറിയും പ്രമുഖ നെൽകർഷകനുമായ മദൻലാൽ.
' നെല്ല് കൊയ്യാൻ തൊഴിലാളികളെ ആവശ്യത്തിന് കിട്ടാതെ വന്നതോടെ ' 24,000 പാടശേഖരത്തിൽ നാലു കൊയ്തു യന്ത്രം തമിഴ്നാട്ടിൽ നിന്ന് കുട്ടനാട്ടിൽ കൊണ്ടു വന്നു . യന്ത്രം ഇറക്കാൻ തൊഴിലാളികൾ സമ്മതിച്ചില്ല. 16 ദിവസം കൊയ്തു മുടക്കി സമരം നീണ്ടു. നെല്ല് നശിക്കുമെന്ന സ്ഥിതിയായതോടെ വി.എസ് അച്യൂതാനന്ദനെ ചെന്നു കണ്ടു. കൊയ്യാൻ ആളെ കിട്ടാത്ത സ്ഥിതിയും കൊയ്തു യന്ത്രം വലിയ തൊഴിൽ നഷ്ടമുണ്ടാക്കില്ലെന്നും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ നെല്ല് കൊയ്തെടുക്കാമെന്നും വിളവും കർഷകർക്ക് വരുമാനവും കൂടുമെന്നും ധരിപ്പിച്ചതോടെ സമരം ചെയ്യുന്ന തൊഴിലാളികളുമായി വി.എസ് സംസാരിച്ചു.
കൊയ്തു യന്ത്രവും ഉപയോഗിക്കട്ടെ തടയേണ്ടെന്നു നിർദ്ദേശിച്ചതോടെ സമരം അവസാനിപ്പിച്ചു . 'കൊയ്തു യന്ത്രം ഇറക്കുന്നതൊക്കെ കൊള്ളാം .തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കരുത്.പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായി ചർച്ച നടത്തി തൊഴിലാളി കൾക്കു ബുദ്ധിമുട്ടുണ്ടാക്കാതെ നോക്കണമെന്ന്' പറഞ്ഞാണ് വി.എസ്. മടങ്ങിയത്. പിന്നീട് കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും മിക്ക പാടങ്ങളിലും കൊയ്ത യന്ത്രം ഇറക്കാൻ കർഷകർ തയ്യാറായത് വി.എസ് പകർന്ന ധൈര്യത്തിലാണെന്ന് ആദ്യമായി കൊയ്തു യന്ത്രം കുട്ടനാട്ടിൽ പരീക്ഷിച്ച മദൻലാൽ പറഞ്ഞു .നിലം ഉഴുന്നതിന് ട്രാക്ടർ ഉപയോഗിച്ചപ്പോഴും സമരമായി. നീണ്ടൂർ മങ്കുഴിപ്പാടത്ത് 16 ദിവസം സമരം നീണ്ടു. അവിടെയും വി.എസ് എത്തിയാണ് പ്രശ്നപരിഹാരമുണ്ടാക്കിയത്.
പൊതുഅവധിയിൽ ജോലിക്കിറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി
കോട്ടയം: വി.എസ്. അച്യുതാനന്ദൻ അന്തരിച്ചതിനെത്തുടർന്ന് 22ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടും അന്ന് കേരള വനം വികസന കോർപ്പറേഷന്റെ (കെ.എഫ്.ഡി.സി) ഗവിയിലെ എസ്റ്റേറ്റുകളിൽ തൊഴിലാളികളെ ജോലിക്കിറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകും. ചെയർപേഴ്സൺ ലതിക സുഭാഷ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്താൻ മാനേജിംഗ് ഡയറക്ടർ ഷാജി കെ. ഫ്രാൻസിസിനെ ചുമതലപ്പെടുത്തി. ഗവി ഡിവിഷണൽ മാനേജരോട് എം.ഡി വിശദീകരണം ആവശ്യപ്പെട്ടു. ഇന്ന് റിപ്പോർട്ട് കിട്ടിയാൽ ഉടൻ അച്ചടക്ക നടപടി ഉണ്ടാകുമെന്നും പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷിക്കാൻ ഷാജി കെ. ഫ്രാൻസിനോട് ആവശ്യപ്പെട്ടതെന്നും ലതിക പറഞ്ഞു.