തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില
കോട്ടയം: വെളിച്ചെണ്ണ വിലയുടെ കുതിപ്പിൽ അടുക്കള ബജറ്റിന്റെ താള ം തെറ്റി. ഹോട്ടലുകളിലും സ്ഥിതി സമാനമാണ്. കേരളം, തമിഴ്‌നാട് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ തേങ്ങ ഉത്പ്പാദനം കുറഞ്ഞതും നാളികേര ഇറക്കുമതിയിലുണ്ടായ ഇടിവും വില വർദ്ധിക്കാൻ കാരണമായി. സ്ഥിതി തുടർന്നാൽ ഓണത്തിന് മുൻപേ വെളിച്ചെണ്ണ വില 600 രൂപ കടക്കും.
വിൽപ്പനയും കുറഞ്ഞു കോട്ടയം മാർക്കറ്റിൽ ശരാശരി 300 കിലോ വെളിച്ചെണ്ണ വിറ്റിരുന്ന കടകളിൽ ഇപ്പോൾ 50 കിലോ വിറ്റാലായി. കേര ബ്രാൻഡിന് ലിറ്ററിന് 529 രൂപയാണ് വില. മറ്റ് മുൻനിര ബ്രാൻഡുകളുടെ വില 550 കടന്നു. നാട്ടിൻപുറത്തെ കടകളിലും മുമ്പ് 10 മുതൽ 20 ലിറ്റർ വരെ വെളിച്ചെണ്ണ വിറ്റിരുന്നിടത്ത് ഇപ്പോൾ അത് 5 ലിറ്ററിലേക്ക് താഴ്ന്നു. ഈ വർഷം ആദ്യം 200 രൂപയിൽ താഴെയായിരുന്നു വില.
മില്ലുകളും പ്രതിസന്ധിയിൽ മുൻകാലങ്ങളിൽ കൊപ്ര ആട്ടി വെളിച്ചെണ്ണ നൽകിയിരുന്ന മില്ലുകളിൽ വൻ തിരക്കായിരുന്നു. എന്നാലിപ്പോൾ ആട്ടിയെടുക്കുന്നത് കൊണ്ട് വലിയ മെച്ചമില്ലെന്നാണ് മില്ലുകാർ പറയുന്നത്. കൊപ്രയ്ക്ക് വില ഉയർന്ന സാഹചര്യത്തിൽ ഇത് ഉണക്കിയെടുക്കാൻ ആരും മെനക്കെടാറുമില്ല.
വ്യാജന്റെ കടന്നു വരവ് വെളിച്ചെണ്ണ ബ്രാൻഡുകളോട് സാദൃശ്യം തോന്നിക്കുന്ന രീതിയിലുള്ള പാക്കറ്റുകളിലും കുപ്പികളിലും ആയി വ്യാജ വെളിച്ചെണ്ണയും എത്തുന്നുണ്ട്. മാരകമായ രാസവസ്തുക്കൾ ഇവയിൽ ചേർക്കുന്നതായാണ് വിവരം. ചിലയിടങ്ങളിലെ തട്ടുകടകളിൽ ഈ എണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ചെറുകടികൾ ഉൾപ്പെടെ ഉണ്ടാക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗം വെളിച്ചെണ്ണ വിപണിയിൽ പരിശോധന ആരംഭിച്ചിട്ടുണ്ടെങ്കിലും നഗരങ്ങളിൽ മാത്രമായി ഒതുങ്ങി.