ഗെയിം റിസർവ് ഉടമയെ കാട്ടാന ചവിട്ടികൊന്നു
Friday 25 July 2025 7:01 AM IST
ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ സ്വകാര്യ ഗെയിം റിസർവ് ഉടമയെ കാട്ടാന ചവിട്ടികൊന്നു. ചൊവ്വാഴ്ച ഗോണ്ട്വാന പ്രൈവറ്റ് ഗെയിം റിസർവിലായിരുന്നു സംഭവം. റിസർവിന്റെ ഉടമയും കോടീശ്വരനുമായ ഫ്രാങ്കോയ്സ് ക്രിസ്റ്റ്യൻ കോൺറാഡി തത്ക്ഷണം മരിച്ചു. രാവിലെ ടൂറിസ്റ്റ് ലോഡ്ജുകൾക്ക് സമീപം പ്രത്യക്ഷപ്പെട്ട ആനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കൂട്ടത്തിലെ ഒരു ആന ക്രിസ്റ്റ്യന് നേരെ പാഞ്ഞടുത്തു. അദ്ദേഹത്തെ കുത്തിയ ശേഷം നിലത്തേക്കെറിഞ്ഞ് നിരവധി തവണ ചവിട്ടി. സമീപത്ത് റേഞ്ചർമാർ എത്തിയെങ്കിലും ആന പിൻമാറിയില്ല. കെയ്ലിക്സ് ഗ്രൂപ്പ് സ്പോർട്സ് മാനേജ്മെന്റ് കമ്പനിയുടെ ഉടമ കൂടിയാണ് ക്രിസ്റ്റ്യൻ.