ചർച്ച ഫലം കണ്ടില്ല, ആക്രമണം കടുപ്പിച്ച് റഷ്യയും യുക്രെയിനും

Friday 25 July 2025 7:02 AM IST

കീവ്: വെടിനിറുത്തൽ ലക്ഷ്യമിട്ട് തുർക്കിയിലെ ഇസ്‌താംബുളിൽ നടന്ന ചർച്ച പുരോഗതിയിലെത്താതെ അവസാനിച്ചതിന് പിന്നാലെ പരസ്പരം ആക്രമണങ്ങൾ കടുപ്പിച്ച് റഷ്യയും യുക്രെയിനും. യുക്രെയിനിലെ ഒഡേസയിലടക്കം റഷ്യ വ്യോമാക്രമണം നടത്തി. കിഴക്കൻ യുക്രെയിനിലെ ഖാർക്കീവിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

ചെർകാസി, സെപൊറീഷ്യ നഗരങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. റഷ്യയിലെ ഊർജ്ജ, സൈനിക കേന്ദ്രങ്ങളിൽ യുക്രെയിന്റെ ഡ്രോൺ ആക്രമണവുമുണ്ടായി. റഷ്യയിലെ സോചിയിൽ 2 പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. അതേ സമയം, 1,200 യുദ്ധത്തടവുകാരെ വീതം പരസ്പരം കൈമാറാൻ ഇസ്താംബുൾ ചർച്ചയിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ധാരണയായി.

കൊല്ലപ്പെട്ട 3,000 യുക്രെയിൻ സൈനികരുടെ മൃതദേഹങ്ങൾ വിട്ടുകൊടുക്കുമെന്ന് റഷ്യ അറിയിച്ചു. മേയിലും ജൂണിലും നടത്തിയ ചർച്ചകളിലും യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു.