ഇന്ദിരാഗാന്ധിയുടെ റെക്കാഡ് മറികടന്ന് മോദി, തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ വ്യക്തി
ന്യൂഡൽഹി: പ്രധാനമന്ത്രി പദവിയിൽ 4,078 ദിവസങ്ങൾ പൂർത്തിയാക്കി നരേന്ദ്രമോദി. ഇതോടെ അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ റെക്കാഡാണ് നരേന്ദ്രമോദി മറികടന്നിരിക്കുന്നത്. ഇന്ദിരാഗാന്ധി 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ തുടർച്ചയായി 4,077 ദിവസങ്ങൾ മാത്രമാണ് പൂർത്തിയാക്കിയത്. ഇതോടെ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച രണ്ടാമത്ത വ്യക്തി എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് നരേന്ദ്രമോദി. ആദ്യസ്ഥാനം അന്തരിച്ച ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനാണ്.നേരത്തെ മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിംഗിനായിരുന്നു.
ഇതിനിടയിൽ തന്നെ നരേന്ദ്രമോദി പല ചരിത്രനേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ജനിച്ച ഒരേയൊരു പ്രധാനമന്ത്രി, ദീർഘനാൾ പ്രധാനമന്ത്രി പദവി അലങ്കരിച്ച കോൺഗ്രസ് പാർട്ടിയിലല്ലാത്ത പ്രധാനമന്ത്രി, ഹിന്ദി ഭാഷയല്ലാത്ത സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച വ്യക്തി എന്നിവയാണ് മറ്റ് നേട്ടങ്ങൾ. 2001 മുതൽ 2014 വരെയുള്ള 12.5 വർഷം നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.
1971ൽ ഇന്ദിരാഗാന്ധിക്ക് ശേഷം പൂർണ്ണ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യത്തെ സിറ്റിംഗ് പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി. ജവഹർലാൽ നെഹ്‌റുവിന് ശേഷം, ഇന്ത്യയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവായി തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ഒരേയൊരു പ്രധാനമന്ത്രിയാണ് പ്രധാനമന്ത്രി മോദി. പ്രധാനമന്ത്രിമാരിലും മുഖ്യമന്ത്രിമാരിലും, ഒരു പാർട്ടിയുടെ നേതാവെന്ന നിലയിൽ തുടർച്ചയായി ആറ് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ഇന്ത്യയിലെ ഏക നേതാവാണ് അദ്ദേഹം - ഗുജറാത്തിൽ (2002, 2007, 2012), ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും (2014, 2019, 2024) അദ്ദേഹം വിജയിച്ചിരുന്നു.
ഗുജറാത്തിലെ വാദ്‌നഗറിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച നരേന്ദ്രമോദി, രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെയും (ആർഎസ്‌എസ്) പിന്നീട് ഭാരതീയ ജനതാ പാർട്ടിയിലൂടെയും (ബിജെപി) സജീവമാകുന്നതിന് മുൻപ് പിതാവിനെ സഹായിക്കുകയായിരുന്നു. പിതാവിന് റെയിൽവേ സ്റ്റേഷനിൽ ചായ വിൽപ്പനയായിരുന്നു.