യസുകോ തമാക്കി, പ്രായം തൊടാത്ത പ്രതിഭാസം
എത്രയും വേഗം റിട്ടയർ ചെയ്ത് സ്വസ്ഥമായി വീട്ടിലിരിക്കണം. നന്നായി ഉറങ്ങണം. സമാധാനത്തോടെ ആഹാരം കഴിക്കണം. ശേഷിക്കുന്ന കാലം ജീവിതം ആസ്വദിച്ച് സന്തോഷത്തോടെ കഴിയണം... മദ്ധ്യവയസിലെത്തിയാൽ മിക്കവരുടെയും ചിന്ത ഇതാകും. തിരക്കേറിയ ഇന്നത്തെ കാലത്ത് ജീവിതത്തിന്റെ നല്ലൊരു ഭാഗം ഓഫീസ് മുറികളിലും കമ്പ്യൂട്ടറുകൾക്കു മുന്നിലും ചെലവഴിക്കുകയും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുകയും ചെയ്യുന്ന ജീവനക്കാരാണ് ഏറെയും.
ശരിയായ വർക്ക്- ലൈഫ് ബാലൻസ് പാലിക്കാൻ കഴിയുന്നില്ല. വിദേശ രാജ്യങ്ങളിൽ പ്രവൃത്തി ദിനങ്ങൾ കുറച്ചും അവധി കൂട്ടിയുമൊക്കെ ജീവനക്കാരുടെ സർഗാത്മകത വളർത്താനുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പക്ഷേ, നാട്ടിലെ സ്ഥിതി നേരെ മറിച്ചുമാണ്. അതുകൊണ്ടു തന്നെ ജോലിയൊക്കെ അവസാനിപ്പിച്ച് സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും. എന്നാൽ ഇക്കാര്യത്തിൽ നമ്മളെയൊക്കെ അത്ഭുതപ്പെടുത്തുന്ന ഒരു മുത്തശ്ശിയുണ്ട്; അങ്ങ് ജപ്പാനിൽ. പേര് യസുകോ തമാക്കി.
പ്രായം 95 ആയെങ്കിലും റിട്ടയർമെന്റ് എന്ന വാക്ക് ഇതേവരെ പുള്ളിക്കാരിയുടെ മനസിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോഴും കമ്പനിയിലെത്തി ജോലി ചെയ്തുകൊണ്ടേയിരിക്കുന്നു! ചെറുപ്പക്കാർക്കൊക്കെ ഈ മുത്തശ്ശി ശരിക്കും ഒരു അത്ഭുതം തന്നെ. ലോകത്തെ ഏറ്റവും പ്രായമേറിയ ഓഫീസ് മാനേജർ എന്ന ഗിന്നസ് ലോക റെക്കാഡും മുത്തശ്ശി പോക്കറ്റിലാക്കി. ഒസാക്കയിലെ നിഷി വാർഡിലുള്ള സുൻകോ ഇൻഡസ്ട്രീസ് എന്ന ട്രേഡിംഗ് കമ്പനിയിലാണ് തമാക്കി മുത്തശ്ശിക്ക് ജോലി.
1930 മേയ് 15-ന് ജനിച്ച തമാക്കി 1956-ലാണ് സുൻകോ ഇൻഡസ്ട്രീസിൽ ജോലിക്കു കയറിയത്. ഓഫീസിന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക, നാനൂറിലധികം ജീവനക്കാരുടെ ശമ്പളവും ബോണസുമൊക്കെ കണക്കുകൂട്ടുക, നികുതി കിഴിവുകൾ കണക്കാക്കുക തുടങ്ങിയവയാണ് മുത്തശ്ശിയുടെ ജോലി. മൈക്രോസോഫ്റ്റ് എക്സൽ പോലുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളൊക്കെ തമാക്കി മുത്തശ്ശിക്കറിയാം. തന്റെ സ്മാർട്ട്ഫോണിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നതും ശീലമാണ്. എല്ലാ ജീവനക്കാരെയും പോലെ ആഴ്ചയിൽ അഞ്ചുദിവസം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയുള്ള ഷിഫ്റ്റിൽ മുത്തശ്ശി ജോലിക്കെത്തും. ഇത്രയും പ്രവൃത്തി പരിയമുള്ളതിനാൽ പുതുതായി ജോലിക്കെത്തുന്നവർക്ക് പരിശീലനം നൽകാനും മുത്തശ്ശിക്ക് മടിയില്ല.
മറ്റുള്ളവർക്കായ്
ജനിച്ചവൾ!
തമാക്കി മുത്തശ്ശിക്ക് ഈ പ്രായത്തിൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാകും ചോദ്യം. മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യാൻ വേണ്ടി ജനിച്ചയാളാണ് താൻ എന്ന തോന്നലാണ് ഇതിനു പിന്നിലെ രഹസ്യമെന്ന് തമാക്കി മുത്തശ്ശി പറയുന്നു. കമ്പനിയുടെ ചെയർമാൻ, മാനേജർമാർ, സ്റ്റാഫ് എന്നിവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നെന്നും അത് തന്റെ ആജീവനാന്ത ലക്ഷ്യമായി തുടരുന്നെന്നും തമാക്കി വ്യക്തമാക്കുന്നു. അവിവാഹിതയായ മുത്തശ്ശി പങ്കാളിയായി കാണുന്നത് സ്വന്തം കമ്പനിയെ തന്നെയാണ്. തന്റെ ലോകത്ത് താൻ മാത്രമേയുള്ളൂ എന്നും, എത്ര ദൂരം മുന്നോട്ടുപോകാൻ കഴിയുമോ, അതിനായി അത്രയും കഠിനമായി പരിശ്രമിക്കുമെന്നും തമാക്കി മുത്തശ്ശി പറയുന്നു.
ഒരോ വർഷവും അവസാനിക്കുമ്പോൾ മറ്റൊരു വർഷം വരുന്നു. അതിനാൽ ഇതുപോലെ തന്നെ മുന്നോട്ടു പോകുമെന്നാണ് മുത്തശ്ശിയുടെ പ്രതീക്ഷ. വിരമിക്കാനുള്ള ആലോചനയൊന്നും തത്കാലം മനസിലില്ല. 'ഇന്ന് പാഴാക്കിയാൽ നാളെയില്ല" എന്ന ചിന്താഗതിയോടെ ജീവിക്കണമെന്നാണ് മുത്തശ്ശിയുടെ ഉപദേശം. പ്രായമേറിയിട്ടും മുത്തശ്ശി ഇപ്പോഴും പഴയതു പോലെ ജീനിയസ് തന്നെയെന്നാണ് സഹപ്രവർത്തകരുടെ അഭിപ്രായം. കമ്പ്യൂട്ടർ ജോലികളിൽ ചില ചെറുപ്പക്കാരെക്കാൾ മിടുക്കിയാണത്രെ മുത്തശ്ശി. രസകരമായ ഒരു കാര്യം, വിരമിക്കൽ പ്രായമായ അറുപതിനെ മറികടന്ന്, 67-ാം വയസിലാണ് തമാക്കി കമ്പ്യൂട്ടർ പഠിക്കാൻ തുടങ്ങിയതു പോലും എന്നതാണ്. തൊണ്ണൂറാം വയസിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിഷ്പ്രയാസം ഉപയോഗിക്കാൻ തുടങ്ങി. 60 വയസിനു ശേഷം ഓരോ വർഷവും പുതുക്കാവുന്ന കരാറിലാണ് മുത്തശ്ശിയുടെ മാനേജർ ജോലി.
തന്റെ ഡെസ്കിലിരുന്ന് മരിക്കണമെന്ന് മുത്തശ്ശി ഇടയ്ക്കിടെ പറയാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. ചെയർമാൻ അടക്കം കമ്പനിയിലെ എല്ലാവരും മുത്തശ്ശിയേക്കാൾ ഇളയവരാണ്. ടൊയോനാക്കയിൽ, തന്നെക്കാൾ മൂന്നു വയസിന് ഇളയവളായ സഹോദരിക്കൊപ്പമാണ് തമാക്കിയുടെ താമസം. എന്നും പുലർച്ചെ 5.30ന് എഴുന്നേൽക്കുന്ന തമാക്കി മുത്തശ്ശിക്ക് അര മണിക്കൂർ യോഗ ചെയ്യുന്ന പതിവുമുണ്ട്. ബസിലോ മെട്രോയിലോ അല്ലെങ്കിൽ നടന്നോ ഓഫീസിലേക്കു പോകും. വായന ഏറെ ഇഷ്ടപ്പെടുന്ന തമാക്കി തന്റെ കഴിവുകൾ നിലനിറുത്താൻ അഭിരുചി പരിശീലനങ്ങളും ഗെയിമുകളും പിന്തുടരുന്നു. പൊതുവെ ആയുർദൈർഘ്യം കൂടിയവരാണ് ജപ്പാൻകാർ. സന്തോഷകരമായ ചുറ്റുപാടും ലളിതവും ആരോഗ്യകരവുമായ ജീവിത ശൈലിയും തന്നെ അതിന്റെ രഹസ്യം. പ്രായം തൊടാത്ത യസുകോ തമാക്കിയുടെ 'നിത്യയൗവന"ത്തിന്റെ സീക്രട്ടും അതുതന്നെ!