'എല്ലാത്തിനും ഒരു പരിധിയുണ്ട്, ഉപ്പും മുളകിൽ നിന്ന് മാറിയതോടെ ചില പ്രശ്നങ്ങളുണ്ടായി; അത് ബാധിച്ചത് സീരിയലിലെ കുട്ടികളെ'
സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് നിഷാ സാരംഗ്. ഉപ്പും മുളകും എന്ന സീരിയലിൽ അഭിനയിച്ചതോടെയാണ് നിഷാ സാരംഗ് കൂടുതലാളുകൾക്കും പ്രിയങ്കരിയായി മാറിയത്. കഴിഞ്ഞ കുറച്ചുനാളുകളായി നിഷ ഉപ്പും മുളകിൽ നിന്ന് മാറിനിൽക്കുകയാണ്. ഇതിനെക്കുറിച്ച് പലവിധത്തിലുളള ഗോസിപ്പുകളാണ് സോഷ്യൽ മീഡിയയിലുടനീളം പ്രചരിച്ചത്. ഇപ്പോഴിതാ ഉപ്പും മുളകിൽ നിന്ന് മാറിയതിനുശേഷം ജീവിതത്തിൽ നേരിട്ട ചില പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നിഷാ സാരംഗ്, ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'ഉപ്പും മുളകിലെ മുതിർന്ന ആളുകളുമായുണ്ടായ പ്രശ്നങ്ങൾ എന്നോടൊപ്പം അഭിനയിച്ച കുട്ടികളെയും ബാധിച്ചിട്ടുണ്ട്. അവിടെ നിന്ന് വന്ന് ഏകദേശം ഒരു മാസത്തോളം ഒന്നും ചെയ്യാൻ സാധിക്കാതെ ഞാൻ മാനസികമായി ബുദ്ധിമുട്ടിയിരുന്നു. അത്രയധികം വിഷമിപ്പിച്ചു. ആ സമയത്ത് ഞാൻ ചെയ്യാമെന്ന് മാറ്റിവച്ചിരുന്ന നാല് സിനിമകൾ ഉണ്ടായിരുന്നു. അത് ഒരുവിധം ചെയ്തു തീർത്തു. ഇപ്പോൾ ഏഴ് മാസമായി. ഉപ്പും മുളകിൽ വരുന്നതിന് മുൻപുവരെ കൂടെ അഭിനയിക്കുന്ന ആർക്കും എന്റെ വീടുമായി ബന്ധമില്ലായിരുന്നു. ജോലി ചെയ്യുക, വീട്ടിൽ പോകുക എന്നിങ്ങനെയായിരുന്നു.
പക്ഷെ ഒമ്പത് വർഷം അങ്ങനെയല്ലായിരുന്നു. പരിപാടി ചെയ്ത് രണ്ട് വർഷം കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരുമായി നല്ല ബന്ധത്തിലായി. അതിന് വേറെ കുഴപ്പമൊന്നും ഇല്ലായിരുന്നു. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. തിരക്കിനിടയിൽ എന്റെ മക്കളെ വേണ്ട വിധത്തിൽ നോക്കാൻ കഴിഞ്ഞിരുന്നില്ല. അത് എനിക്ക് ഇപ്പോഴും വിഷമുണ്ടാക്കുന്ന കാര്യമാണ്. പക്ഷെ മക്കൾ അത് മനസിലാക്കിയിരുന്നു. മക്കൾ സ്വന്തമായിട്ടാണ് പഠിച്ചത്. എന്റെ തിരക്കുകൾ മനസിലാക്കി ജീവിച്ചവരാണ്. മനസമാധാനത്തോടെ ജീവിക്കണമെന്നതാണ് എന്റെ ആഗ്രഹം'- നിഷാ സാരംഗ് പറഞ്ഞു.