അലസതയെന്ന ചിരഞ്ജീവി
''നിങ്ങളുടെ പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ കാര്യം, ഇനിയെങ്കിലും ഞാൻ പറയാതിരുന്നാൽ, പിന്നീട് നിങ്ങളത്, എന്റെ ഭാഗത്തു നിന്നുള്ള കൃത്യവിലോപമായി കാണുമോയെന്നൊരു ചിന്ത എന്നെ അലട്ടുന്നതായൊരു തോന്നൽ! അപ്പോൾ നിങ്ങൾ ചോദിക്കുമായിരിക്കാം, ആരാണാ സുഹൃത്ത്, അത്രയേറെ പ്രശ്നക്കാരനാണോയെന്ന്? ഏതായാലും പ്രശ്നമുള്ള സൗഹൃദങ്ങൾ ഒഴിവാക്കുന്നതല്ലേ ബുദ്ധി! അപ്പോൾ, ആരാണീ സുഹൃത്ത് എന്നറിയണമല്ലേ? നിങ്ങളിൽ തന്നെ വസിക്കുന്ന, അല്ലെങ്കിൽ നിങ്ങളിൽ മാത്രം വസിക്കുന്ന സുഹൃത്തിനെ ഞാൻ പരിചയപ്പെടുത്തണമെന്നാണോ? സുഹൃത്തുണർന്നാൽ, പിന്നെ നിങ്ങൾ തളർന്ന് ആലസ്യത്തിലാകും! നിങ്ങളൊന്നുണർന്നാൽ, ആ പ്രശ്നക്കാരനുൾ വലിയും! ആദ്യ മനുഷ്യനൊപ്പം കൂടിയ ആ വീരന്റെ പേരാണ് 'അലസത". അതുകൊണ്ടുതന്നെ, എന്റെ വിലയിരുത്തലിൽ, ഇവനൊരു ചിരഞ്ജീവിയാണ്, മനുഷ്യനൊപ്പം തുടങ്ങി, ഇനി മനുഷ്യനേയും കൊണ്ടേ അവൻ പോകൂ! അതുവരെ മനുഷ്യമനസിൽ തന്നെ അവനുണ്ടാകും! ഉറങ്ങിയും, മനസിനെ തളർത്തിയും, ഉണരുന്ന മനസുകണ്ടാൽ, ഉൾവലിഞ്ഞും അവൻ ചിരഞ്ജീവിയായി തന്നെ തുടരും! 'If you are busy, everything will be easy! If you are lazy, nothing is easy!"എന്നു കേട്ടിട്ടുണ്ടോ? അതാണ്, 'എളുപ്പത്തിൽ ചെയ്യാമെന്നുറപ്പുള്ള ജോലിയും, അലസമായ് ചെയ്യുകിലധികഠിന"മെന്നു ഞാൻ പറയാറുള്ളത്!"" ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട്, പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, അലസതയിൽ, അണഞ്ഞുപോയ പ്രതിഭകളെ സ്മരിക്കുന്ന ഭാവമായിരുന്നു മിക്കമുഖങ്ങളിലും കണ്ടത്. സദസ്യരെയാകെ നോക്കി വാത്സല്യപൂർവം പുഞ്ചിരിച്ചുകൊണ്ട്, പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''രാജ്യത്ത് ക്ഷാമം പടർന്നു പിടിച്ചു. ഉണ്ണാനില്ലാത്ത, ഉടുക്കാനില്ലാത്ത അവസ്ഥിയിലേക്ക് പ്രജകൾ മാറി. പ്രജാക്ഷേമ തത്പരനായ രാജാവ്, ദുരവസ്ഥയുടെ കാര്യകാരണങ്ങൾ പഠിച്ചു. ഉത്തരം ലളിതം: പ്രജകളിലെ ആഴത്തിലുള്ള അലസത! ഉടൻതന്നെ, രാജ്യത്തെ എല്ലാ അലസന്മാരെയും കഴുവിലേറ്റാൻ രാജാവ് ഉത്തരവിട്ടു. അപ്രകാരം, രാജകിങ്കരന്മാർ പല്ലക്കുമായി റോന്തു ചുറ്റൽ ആരംഭിച്ചു. അവർ നാൽക്കവലകളിലൊക്കെ ചെന്ന്, രാജകല്പന പെരുമ്പറ കൊട്ടി ഉറക്കെ വായിക്കും! അന്ന്, രാജ്യദ്രോഹികളെ കഴുമരത്തിലേറ്റി കൊന്നിരുന്നത്, നമ്മുടെ, ഇന്നത്തെ വലിയതുറയിൽ വച്ചായിരുന്നു. അതിനാൽ,'അലസന്മാരൊക്കെ വലിയ തുറപോകാൻ റെഡിയായോ"എന്നായിരുന്നു പെരുമ്പറ കൊട്ടി, രാജകിങ്കരന്മാർ വിളിച്ചു ചോദിച്ചിരുന്നത്! അത് കേൾക്കുന്നവരൊക്കെ, തങ്ങളുടെ പണിയായുധങ്ങൾ, ആധുനിക മെഷീനുകളെ തോല്പിക്കുന്ന നിലയിൽ പ്രവർത്തിപ്പിച്ച് പണിയെടുക്കാൻ തുടങ്ങി! അപ്രകാരം മുന്നോട്ട് കുതിക്കുമ്പോഴാണ്, ഒരു അലസൻ വീട്ടിൽ രണ്ടുമാസക്കാലമായി ഉറങ്ങുന്ന വിവരം കിങ്കരന്മാരുടെ ചെവിയിലെത്തിയത്! ഇനി, അടുത്തമാസമേ ഉണരുവത്രെ. ഉണർന്നാൽ പിന്നെ, ഉറക്കം പോലുമുപേക്ഷിച്ച് ശാപ്പാട് തുടങ്ങും! അത്, പിന്നെ മൂന്നുമാസം വരെ ഇടതടവില്ലാതെ നീളുമത്രെ! അങ്ങനെ, ഊണുകഴിച്ചൂണു കഴിച്ചുറങ്ങുന്ന ഒരു കുഞ്ഞു കുംഭകർണ്ണൻ! വിവരം കേട്ടയുടൻ കിങ്കരന്മാർ, നമ്മുടെ കുഞ്ഞുകുംഭകർണ്ണനെ പൊക്കിയെടുത്ത്, പല്ലക്കിൽ കയറ്റവെ, ഒരു കൂട്ടനിലവിളികേട്ടു. അവർ, പത്തുപേർ കുഞ്ഞു കുംഭകർണ്ണന്റെ കൂടെപ്പിറപ്പുകളായിരുന്നു. 'അയ്യോ, അവനെകൊണ്ടുപോവല്ലേ, അവന് ഉണ്ണാനുള്ള അരി ഞാൻ കൊടുക്കാം" മൂത്തസഹോദരിയൊരു നിലവിളിയോടെ കിങ്കരന്മാരെ അറിയിച്ചു.'അയ്യോ, ഞാനവന് കറികൾക്കുള്ളതെല്ലാം കൊടുക്കാം, അവനെക്കൊല്ലല്ലേ!" ഇങ്ങനെ ഓരോരുത്തരായി വാഗ്ദാനങ്ങൾ വർഷിച്ചു. കിങ്കരന്മാർ ആശയക്കുഴപ്പത്തിലായി! അപ്പോഴാണ്, അലസനിൽ നിന്നാഗൗരവമുള്ള ചോദ്യമുണ്ടായത്: 'അരിയും, കറിക്കുള്ളതും തന്നിട്ടെന്തുകാര്യം! ആര്, അരിവയ്ക്കും, ആര്, കറിവെയ്ക്കും, അതുകൂടി പറയു!" അതുകേട്ട കിങ്കരന്മാർ ഞെട്ടി.' നീ വെയ്ക്കണം , നീ തന്നെ വെയ്ക്കണം" അലസന്റെ ചോദ്യം കേട്ട് നിയന്ത്രണംവിട്ട സഹോദരങ്ങൾ, ഏക സ്വരത്തിൽ ഗർജ്ജിച്ചു.'ഓഹോ, എന്നാൽ പല്ലക്ക്, പെട്ടെന്ന് വലിയതുറക്ക് പോട്ടെ" അലസൻ, ആലസ്യത്തോടെ പറഞ്ഞുകൊണ്ട് വീണ്ടും ഉറങ്ങാൻ തുടങ്ങി! എന്താ, ആർക്കെങ്കിലും പല്ലക്കിൽ കയറാൻ തോന്നുന്നുണ്ടോ!""കൂട്ടച്ചിരികളുയരുന്ന സദസിലേക്കു നോക്കി പ്രഭാഷകൻ ചോദിച്ചു.