രാമായണം പകരുന്ന പാഠങ്ങൾ

Sunday 27 July 2025 3:48 AM IST

കർക്കിടകം നമുക്ക് രാമായണ പുണ്യമാസമാണ്. തുഞ്ചത്താചാര്യന്റെ ശാരികപ്പൈതൽ പാടുന്ന രാമലീലകളും രാമ മഹിമകളും നമ്മുടെ വീടുകളുടെ പൂമുഖങ്ങളും പൂജാമുറികളും പവിത്രമാക്കുന്ന സമയം. പണ്ട് കർക്കിടകം രോഗത്തിന്റെയും ദാരിദ്ര്യത്തിന്റെയും മാസമായിരുന്നു. ഇന്ന് ദാരിദ്ര്യം അത്രയില്ലെങ്കിലും പലതരം പനികൾ പരക്കുന്നതിനാൽ കർക്കിടകം രോഗഭയം ഉണ്ടാക്കുന്ന മാസം തന്നെ. പക്ഷെ ഭൂമിക്കും ജീവജാലങ്ങൾക്കും ജീവജലം തരുന്ന കാലവർഷം സമൃദ്ധമാകുന്ന മംഗളകാലമാണ് കർക്കിടകം. മനസിനെയും ആത്മാവിനെയും ഉണർത്തുന്ന കേൾക്കാനിമ്പമുള്ള രാമായണ ശീലുകൾ കൂടിയാകുമ്പോൾ കർക്കിടകം ആനന്ദദായകമായി മാറുന്നു.

ലോകമെമ്പാടുമുള്ള വിവിധ ദേശക്കാർക്ക് അനേകം ഭാഷകളിൽ സ്വന്തം രാമായണവും രാമായണ സംസ്‌കാരവുമുണ്ട്. മുസ്ലിം രാജ്യമായ ഇന്ത്യോനേഷ്യയുടെയും ബുദ്ധമത രാജ്യമായ തായ്ലൻഡിന്റെയും ദേശീയ ഗ്രന്ഥം രാമായണമാണ്. എന്നാൽ അവയുടെയെല്ലാം മൂലം ആദികവിയായ വാത്മീകിയുടെ രാമായണം തന്നെ. സനാതന ധർമ്മത്തിന്റെയും ആർഷ സംസ്‌കാരത്തിന്റെയും അനശ്വരദീപമാണ് രാമായണം. ഭൂമിയിൽ മലകളും പുഴകളുമുള്ള കാലത്തോളം രാമായണം പ്രചരിക്കുമെന്നത് സത്യമാക്കിക്കൊണ്ട് ഇന്നും അത് മനുഷ്യമനസുകളെ സ്വാധീനിക്കുന്നു, പവിത്രീകരിക്കുന്നു. മലകളും പുഴകളും ഭൂമിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുക മാത്രമല്ല ഭൂമിക്കും അതിലെ ജീവജാലങ്ങൾക്കും എത്രയോ നന്മകൾ ചെയ്യുന്നു. അതുപോലെ തന്നെയാണ് രാമായണവും, രാമന്റെ അതുല്യചരിതം മനസിൽ സന്തോഷവും ജീവിതത്തിൽ മൂല്യങ്ങളും കൊണ്ടുവരുന്ന് ഹൃദയത്തെ ഭക്തിനിർഭരമാക്കുന്നു.

രാമായണം ഒരു ഇതിഹാസമാണ്. മഹാപുരുഷന്മാരുടെ ചരിതങ്ങളും, മനസിന് ഇമ്പമുള്ള കഥകളും ഉപാധിയാക്കി ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥങ്ങൾ നേടാനുള്ള മാർഗം ഉപദേശിക്കുന്നവയാണ് ഇതിഹാസങ്ങൾ. നാലു പുരുഷാർത്ഥങ്ങൾ എന്ന് പറഞ്ഞാൽ മനുഷ്യജീവിതത്തിന്റെ സർവ്വസ്വവും അതിൽ അടങ്ങും. പണം, പദവി ഐശ്വര്യം ഭൗതികപുരോഗതി എല്ലാം അർത്ഥത്തിലടങ്ങും. ഇന്ദ്രിയസുഖങ്ങൾ മാനസിക സുഖങ്ങൾ, എല്ലാം കാമത്തിൽ ഉൾപ്പെടും. മോക്ഷം ജീവിതത്തിന്റെ പൂർണ്ണതയാണ്. രാമായണം ഒരു സൂപ്പർമാർക്കറ്റ് പോലെയാണ്. ഒരു മനുഷ്യന് ലോകത്തിൽ ശാന്തിയോടെയും സന്തോഷത്തോടെയും ജീവിക്കാനും ആത്മസാക്ഷാത്കാരം എന്ന ആത്യന്തിക ലക്ഷ്യത്തിലെത്താനും ആവശ്യമായതെല്ലാം രാമായണത്തിലുണ്ട്. ഭക്തി, ജ്ഞാനം, കർമ്മം, യോഗം, ധർമ്മം, കുടുംബബന്ധങ്ങൾ, രാജ്യഭരണം, മാനേജ്‌മെന്റ് എല്ലാം നമുക്കു രാമായണത്തിൽ നിന്ന് പഠിക്കാം. ഐശ്വര്യവും സന്തോഷവും പ്രധാനമാണെങ്കിലും അതിനേക്കാൾ പ്രധാനമാണ് ധർമ്മമെന്നും മനുഷ്യജീവിതത്തിന്റെ യഥാർത്ഥലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണെന്നും രാമായണം പഠിപ്പിക്കുന്നു.

ഇളം തലമുറയിൽ മൂല്യങ്ങളും സ്വഭാവ ഗുണങ്ങളും ദൃഢമാകാൻ ഏറ്റവും സഹായിക്കുന്ന മഹത്തായ കൃതിയാണ് രാമായണം. ധർമ്മനിഷ്ഠയും ഭക്തിയും ജ്ഞാനവും വൈരാഗ്യവുമെല്ലാം അതിൽ നിന്ന് ഉൾക്കൊള്ളാൻ കഴിയും. രാമായണത്തിലെ ആദ്ധ്യാത്മികതയും ഭക്തിയും ഒക്കെ ഒരു നിമിഷം മാറ്റിവച്ചാലും രാമായണം നമുക്ക് കാട്ടിത്തരുന്ന കുടുംബബന്ധങ്ങളുടെ ഈടുറപ്പു തന്നെ മതി അതിനെ അമൂല്യമാക്കാൻ. പ്രായമായ അച്ഛനും അമ്മയും പോലും അനാവശ്യഭാരമായി തോന്നുന്ന കാലമാണിത്. അവിടെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കെട്ടുറപ്പുള്ള കുടുംബത്തിന്റെയും സന്ദേശവുമായി രാമായണം കടന്നുവരുന്നു.