'ഞാൻ മഞ്ജു ചേച്ചിയുടെ ഫാനാണ്, ഫോണിലുള്ള ബന്ധം എപ്പോഴുമുണ്ട്, ഒരിക്കൽപോലും ‌ഞങ്ങൾ തമ്മിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടില്ല'

Friday 25 July 2025 2:26 PM IST

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന രണ്ട് പേരുകളാണ് മഞ്ജു വാര്യരും കാവ്യാ മാധവനും. ഒരു സൗന്ദര്യ മത്സര വേദിയിൽ മത്സരാർത്ഥിയോട് കാവ്യയെ ആണോ മഞ്ജുവിനെയാണോ ഇഷ്‌ടം എന്ന് വിധിക‌ർത്താവായിരുന്ന ബിഗ്‌ബോസ് താരം ശോഭ വിശ്വനാഥ് ചോദിച്ചതാണ് അതിനുള്ള കാരണം. ഈ ചോദ്യം വലിയ ചർച്ചയായി മാറി. ഇപ്പോഴിതാ കാവ്യ മാധവന്റെ പഴയ ചില അഭിമുഖങ്ങൾ വീണ്ടും വൈറലാവുകയാണ്. മഞ്ജുവിനെപ്പറ്റിയാണ് കാവ്യ ഇതിൽ പറയുന്നത്.

കാവ്യയുടെ ആദ്യ വിവാഹത്തിന് മുമ്പാണ് ഈ അഭിമുഖം നൽകിയിരിക്കുന്നത്. 'ഒരു ആർട്ടിസ്റ്റെന്ന നിലയിൽ ഞാൻ മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ്. ഞങ്ങൾ കാണുന്നത് വളരെ അപൂർവമാണ്. ചില കല്യാണങ്ങൾക്കൊക്കെ വരുമ്പോഴേ കാണാറുള്ളു. പക്ഷേ, ഫോണിലുള്ള ബന്ധം എപ്പോഴുമുണ്ട്. ഞങ്ങൾക്കിടയിൽ ഒരിക്കലും തെറ്റിദ്ധാരണ ഉണ്ടായിട്ടില്ല. ഞാൻ വളരെയധികം ഇഷ്‌ടപ്പെടുന്ന സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് മഞ്ജു ചേച്ചി ' - കാവ്യാ മാധവൻ പറഞ്ഞു.

ആദ്യ വിവാഹബന്ധം പിരിഞ്ഞശേഷം കാവ്യ സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയത് ദിലീപ് നായകനായ 'പാപ്പി അപ്പച്ചാ' എന്ന ചിത്രത്തിലൂടെയാണ്. അന്ന് ദിലീപുമായി ചേർത്ത് ഗോസിപ്പുകൾ വന്നെങ്കിലും അന്നും കാവ്യയും മഞ്ജുവും തമ്മിൽ സൗഹൃദത്തിലായിരുന്നു. കരിയർ വീണ്ടും സ്റ്റാർട്ട് ചെയ്‌തപ്പോൾ തന്നെ വളരെയധികം സപ്പോർട്ട് ചെയ്‌തത് ദിലീപും മഞ്ജുവുമാണെന്നാണ് കാവ്യ പറഞ്ഞത്.