പെണ്ണുകാണാനായി വീട്ടിലേക്ക്, പേഴ്സിലുണ്ടായിരുന്നത് 70 രൂപ; പ്രതീക്ഷിച്ച പണം കിട്ടാതായതോടെ ഗോവിന്ദച്ചാമിയുടെ ക്രൂരത

Friday 25 July 2025 4:24 PM IST

കണ്ണൂർ: 2011 ഫെബ്രുവരിയിൽ കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ കൊടുംകു​റ്റവാളിയായ ഗോവിന്ദച്ചാമിയാണ് ഇന്ന് പുലർച്ചയോടെ ജയിൽ ചാടിയത്. സാഹസികമായി രക്ഷപ്പെട്ട ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം തന്നെ പൊലീസ് സേന അതിസാഹസികമായാണ് പിടികൂടിയത്. തന്നെ തേടിയെത്തിയ പൊലീസിൽ നിന്ന് രക്ഷപ്പെടാനായി ഗോവിന്ദച്ചാമി നിറയെ വെളളമുളള കിണ​റ്റിലാണ് ചാടിയത്. ഒടുവിൽ രക്ഷയില്ലാതെയാണ് ഇയാൾ വീണ്ടും പൊലീസ് പിടിയിലായത്.

14 വർഷങ്ങൾക്ക് മുൻപ് നടന്ന അതിദാരുണ സംഭവമാണ് ഇപ്പോൾ ജനങ്ങൾ ഒന്നടങ്കം ഓർത്തെടുക്കുന്നത്. വിവാഹജീവിതം സ്വപ്നം കണ്ട് കൊച്ചിയിൽ നിന്ന് ട്രെയിൻ കയറിയ ഷൊർണൂർ സ്വദേശിനായ 23കാരിയെയാണ് ഗോവിന്ദച്ചാമി ഒരു ദാക്ഷണ്യവുമില്ലാതെ പീഡിപ്പിച്ചത്. ആളില്ലാതിരുന്ന കംപാർട്ട്‌മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയെ പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. അതിന്റെ തുടക്കമെന്ന നിലയിൽ യുവതിയുടെ ബാഗ് പിടിച്ചെടുക്കാൻ ഗോവിന്ദച്ചാമി ശ്രമിച്ചിരുന്നു. ഇതോടെ യുവതി കംപാർട്‌മെന്റിലൂടെ രക്ഷപ്പെടുന്നതിനായി ഓടി. വാതിലിന്റെ സമീപത്തെത്തിയ യുവതിയെ ഇയാൾ ആഞ്ഞുതൊഴിച്ച് പുറത്തേക്ക് തളളിയിടുകയായിരുന്നു.

തൊട്ടുപിന്നാലെ ഗോവിന്ദച്ചാമിയും ട്രെയിനിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു. ട്രാക്കിൽ തലയിടിച്ച് ഗുരുതര പരിക്കേ​റ്റ യുവതിയെ ഇയാൾ വലിച്ചിഴച്ച് പാളങ്ങളുടെ സമീപത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ചതോടെ ഗോവിന്ദച്ചാമി കല്ലെടുത്ത് മുഖത്തും തലയിലും ഇടിച്ചു. ഒടുവിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന 70 രൂപയും ഒരു സാധാരണ മൊബൈൽഫോണും സ്വന്തമാക്കിയാണ് ഇയാൾ അവിടെ നിന്ന് രക്ഷപ്പെട്ടത്. പ്രതീക്ഷിച്ച പണം കിട്ടാതായപ്പോൾ വന്ന ദേഷ്യത്തിലാണ് ഇയാൾ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത്. ഗുരുതര പരിക്കേ​റ്റ യുവതിയെ പരിസരവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി ഫെബ്രുവരി ആറിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. തൃശൂർ ഫാസ്​റ്റ് ട്രാക്ക് കോടതി 2011 നവംബർ 11ന് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.