മനുഷ്യന്റെ പൂർവികർ സ്വന്തം വംശത്തിൽപെട്ടവരെ ഭക്ഷിച്ചിരുന്നു, തെളിവായി എട്ടര ലക്ഷം വർഷങ്ങൾക്ക് മുൻപുള്ള അസ്ഥികൾ

Friday 25 July 2025 4:25 PM IST

മനുഷ്യന്റെ പൂർവികരെക്കുറിച്ചുള്ള നിരവധി അത്ഭുതപ്പെടുത്തുന്ന വിവരങ്ങൾ ഫോസിലുകളിൽ നിന്നും നമുക്ക് പല കാലങ്ങളിലായി ലഭിച്ചിട്ടുണ്ട്. അവയ്‌ക്കൊപ്പം ഞെട്ടിക്കുന്ന വിവരങ്ങളുമുണ്ട് എന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം എട്ടര ലക്ഷം വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞ ഒരു കുഞ്ഞിന്റെ ഫോസിൽ പരിശോധനയിൽ നിന്ന് കുട്ടിയെ ശിരച്ഛേദം നടത്തുകയും ഭക്ഷിക്കുകയും ചെയ്‌തതായി കണ്ടെത്തി.

മനുഷ്യന്റെ പൂർവികരായ ഹോമോ ആന്റെസെസർ എന്ന വിഭാഗത്തിൽ ഉണ്ടായിരുന്ന രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിയുടെ ശിരസിന്റെ ഭാഗമാണ് വടക്കൻ സ്‌പെയിനിലെ പുരാവസ്‌തു ഖനന കേന്ദ്രമായ അറ്റപ്യുവെർകയിലെ ഗ്രാൻ ഡോളിന ഗുഹയിൽ നിന്നാണ് അസ്ഥികൾ ലഭിച്ചത്. ഖനന പദ്ധതിയുടെ സഹ ഡയറക്‌ടറായ പാമിറ സലാദി പറയുന്നതനുസരിച്ച് ഭക്ഷണത്തിനായി ഏതൊരു മൃഗത്തെയും കൈകാര്യം ചെയ്യുംപോലെയാണ് കുട്ടിയെയും ഉപയോഗിച്ചിരിക്കുന്നതെന്ന് മനസിലാക്കാനായെന്നാണ്.

ഈ മാസം മാത്രം ഇവിടെനിന്നും പത്തോളം അസ്ഥികൂടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഭക്ഷിക്കപ്പെട്ട മൃഗങ്ങളിലുള്ള പോലെ പാടുകൾ ഇവയിൽ കണ്ടെത്തിയതിനാൽ ഇവരെ അതേ വംശത്തിൽ പെട്ട ഹോമോ ആന്റെസെസർ മനുഷ്യർ ഭക്ഷിച്ചിരുന്നതായാണ് മനസിലാകുന്നത്. ഈ ആദിമ മനുഷ്യന്റെ പല്ലിന്റെ പാടുകളാണ് ഇവയിൽ നിന്നും ലഭിച്ചത്. ആധുനിക മനുഷ്യന്റെ സാമ്യമുള്ള യൂറോപ്പിൽ നിന്നും ലഭിച്ചിട്ടുള്ള ഫോസിൽ ഹോമോ ആന്റെസെസറിന്റേതാണ്.

സ്‌പെയിനിലെ ഈ ഗുഹയിൽ നിന്നും ലഭിച്ച 30 ശതമാനം അസ്ഥികളും നരഭോജികളായിരുന്നു ഹോമോ ആന്റെസെസറുകൾ എന്ന് തെളിയിക്കുന്നു. ഭക്ഷണമായും തങ്ങളുടെ അതിർത്തി കാക്കുന്നതിന് വേണ്ടിയും സ്വന്തം വംശത്തിൽ പെട്ടവരെത്തന്നെ ഇവർ ഭക്ഷിച്ചിരുന്നു എന്നാണ് മനസിലാകുന്നത്. മുൻപ് കെനിയയിൽ നിന്ന് ലഭിച്ച പ്രാചീന മനുഷ്യരുടെ അസ്ഥിയിൽ നിന്നും നരഭോജികളായിരുന്നു ഇവർ എന്ന് സൂചനകൾ ലഭിച്ചിരുന്നു എന്നാൽ ഇതുവരെ അത് തെളിയിക്കപ്പെട്ടില്ല.