വീണ്ടും എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ; പറന്നുയർന്ന് മിനിട്ടുകൾ മാത്രം, അതേ വിമാനത്താവളത്തിൽ തിരിച്ചിറക്കി
ജയ്‌പൂർ: ജയ്‌പൂരിൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്‌ത് 18 മിനിട്ടിന് ശേഷമാണ് വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഫ്ലൈറ്റ് റഡാർ വെബ്‌സൈറ്റ് പ്രകാരം ഉച്ചയ്‌ക്ക് 1.35നാണ് വിമാനം പറന്നുയർന്നത്. പിന്നീട് വിമാനം തിരിച്ചുവിട്ടു എന്ന് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി എയർ ഇന്ത്യ വിമാനങ്ങൾക്ക് നിരവധി സാങ്കേതിക തകരാറുകൾ സംഭവിക്കുകയും ഇത് കാരണം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച മുംബയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഏകദേശം 160 യാത്രക്കാരുമായി ഡൽഹി വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് റദ്ദാക്കിയിരുന്നു. സാങ്കേതിക തകരാറാണ് ഇതിന് കാരണം. ചെറിയ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സുരക്ഷയ്ക്ക് മുൻഗണന നൽകി ടേക്ക് ഓഫ് റദ്ദാക്കാൻ ക്രൂ തീരുമാനിക്കുകയായിരുന്നു എന്നാണ് സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചത്.