തായ്‌ലൻഡ്-കംബോ‌ഡിയ അതിർത്തി ത‌ർക്കങ്ങളുടെ ഒരു കാരണം ഹൈന്ദവ ആരാധനാലയമോ? ശിവക്ഷേത്രത്തിന് സമീപം നിന്ന് ആയുധം തൊടുത്തു

Friday 25 July 2025 6:04 PM IST

ബാങ്കോക്ക്: അതിർത്തി തർക്കത്തെ തുടർന്ന് കംബോഡിയയും തായ്‌ലൻഡും തമ്മിൽ പോര് മുറുകിയിരിക്കുകയാണ്. അര നൂറ്റാണ്ടിലേറെയായി ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയുടെ പേരിൽ തർക്കം നിലവിലുണ്ട്. ഇതാണ് ഇപ്പോൾ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നയിച്ചിരിക്കുന്നത്. 12 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഘർഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ സംഘർഷങ്ങളുടെ ചരിത്രം പരിശോധിച്ചാൽ രണ്ട് ക്ഷേത്രങ്ങൾക്കും ഇതിൽ കാരണമാകേണ്ടി വന്നതായി കാണാം.

ഒൻപത് ‌മുതൽ 15-ാം നൂറ്റാണ്ട് വരെ കംബോഡിയ ഭരിച്ചിരുന്ന ഖെമെർ രാജവംശം നി‌ർമ്മിച്ചവയാണ് രണ്ട് ക്ഷേത്രങ്ങളും. കംബോഡിയയിലെ ഡാംഗ്‌റേക് പർവതനിരയിൽ 525 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് പ്രെയാഗ് വിഹെർ‌ ക്ഷേത്രം. മറ്റൊന്ന് തായ്‌ലൻഡിൽ സ്ഥിതിചെയ്യുന്ന ത മുയെൻ തോം ക്ഷേത്രമാണ്. ആദ്യ ക്ഷേത്രത്തിൽ നിന്ന് 95 കിലോമീറ്റർ മാത്രം അകലെയാണിത്. 12-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ക്ഷേത്രമാണിത്. പ്രെയാഗ് വിഹെർ‌ ക്ഷേത്രം 900 വർഷത്തിലധികം പഴക്കമുള്ളതാണ്.

കംബോഡിയ എന്ന രാജ്യത്തിന്റെ മുഖമുദ്ര അങ്കോർവാട്ട് ക്ഷേത്ര സമുച്ചയം ആണെങ്കിലും ഈ രണ്ട് ക്ഷേത്രങ്ങളിലും ഇരു രാജ്യങ്ങളുടെ ആധുനിക ചരിത്രത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. താ മുയെൻ തോം ക്ഷേത്രത്തിന് സമീപത്താണ് ഏറ്റവും പുതിയ ഏറ്റുമുട്ടൽ ഉണ്ടായത്. തായ് സേനാ താവളങ്ങൾക്ക് സമീപം കംബോഡിയ ഡ്രോണുകൾ അയച്ചപ്പോൾ തിരിച്ചടിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് തായ്‌ലൻഡിന്റെ വാദം. സംഘർഷം ലഘൂകരിക്കാനുള്ള തങ്ങളുടെ ശ്രമം പരാജയപ്പെട്ടതോടെ വ്യാഴാഴ്‌ച 8.20ഓടെ ശക്തമായ ആക്രമണം നടത്തിയെന്നാണ് അവ‌ർ പറയുന്നത്.

ഫ്രഞ്ച് ഭരണകാലത്ത് തയ്യാറാക്കിയ മാപ്പിൽ 1907ൽ താ മുയെൻ തോം ക്ഷേത്രം കംബോഡിയയിലാണ് ഉൾപ്പെടുത്തിയത്. ഇത് അന്ന് തായ്‌ലൻഡ് അംഗീകരിച്ചു. എന്നാൽ പിന്നീട് ഇക്കാര്യം തർക്കമാകുകയും അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ വിഷയം എത്തുകയും ചെയ്‌തു. കംബോഡിയയിലാണ് ക്ഷേത്രം എന്നാണ് കോടതി അംഗീകരിച്ചത്. പ്രെയാഗ് വിഹെർ‌ ക്ഷേത്രം 2008ൽ യുനെസ്‌കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ടതോടെ കംബോഡിയയ്‌ക്ക് വീണ്ടും ആശ്വാസമുണ്ടായി. എന്നാൽ അതേവർഷം ഇതേ സ്ഥലത്ത് സംഘർഷം പൊട്ടിപ്പുറപ്പെടുകയും ഇരുഭാഗത്തും സൈനികർ വീരമൃത്യു വരിക്കുകയും ചെയ്‌തു. ഇന്നും തർക്കം തുടരുകയാണ്.